74-ാം റിപ്പബ്ലിക് ദിനാഘോഷം; ഇന്ത്യൻ പതാകയുടെ വർണങ്ങൾ പ്രതിഫലിപ്പിച്ച് ബുർജ് ഖലീഫ

ദുബായ്: ലോകത്തിന്റെ നെറുകയിൽ തിളങ്ങി ഇന്ത്യൻ ത്രിവർണ്ണ പതാക. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയിൽ ഇന്ത്യൻ പതാകയുടെ വർണങ്ങൾ പ്രതിഫലിപ്പിച്ചു. 74-ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായാണ് ബുർജ് ഖലീഫ ഇന്ത്യൻ ദേശീയ പതാകയുടെ നിറങ്ങളാൽ തിളങ്ങിയത്. ബുർജ് ഖലീഫയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ ഇതിന്റെ ചിത്രങ്ങളും വീഡിയോകളും ഷെയർ ചെയ്തിട്ടുണ്ട്. ഇന്ത്യക്കാർക്ക് ഐശ്വര്യവും സമാധാനവും നേരുന്നു എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുുവെച്ചിട്ടുള്ളത്.

ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ ബുർജ് ഖലീഫ പ്രകാശിക്കുന്നുവെന്നും കുറിപ്പിലുണ്ട്. വീഡിയോയുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ ദേശീയ ഗാനവും കേൾക്കാം. ഇതാദ്യമായല്ല ഇന്ത്യൻ പതാകയുടെ വർണങ്ങൾ ബുർജ് ഖലീഫയിൽ നിറയുന്നത്. കഴിഞ്ഞ ഓഗസ്റ്റ് മാസം രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ വാർഷികത്തോടനുബന്ധിച്ച് ബുർജ് ഖലീഫ ഇന്ത്യൻ പതാകയാൽ പ്രകാശപൂരിതമായിരുന്നു. അന്നത്തെ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.