ഭരണഘടന ഇന്ത്യൻ ജനാധിപത്യത്തിന്റെ ആണിക്കല്ല്; ജനാധിപത്യവും ഫെഡറൽ സംവിധാനവും അട്ടിമറിക്കാൻ നിരന്തരം ശ്രമം നടക്കുന്നുണ്ടെന്ന് കെ എൻ ബാലഗോപാൽ

കൊല്ലം: ഭരണഘടന ഇന്ത്യൻ ജനാധിപത്യത്തിന്റെ ആണിക്കല്ലാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. രാജ്യത്തെ ജനാധിപത്യവും ഫെഡറൽ സംവിധാനവും അട്ടിമറിക്കാൻ നിരന്തരം ശ്രമം നടക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടന്ന റിപ്പബ്‌ളിക് ദിനാഘോഷത്തിൽ ദേശീയ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ആദ്യത്തെ ഭരണഘടന സാക്ഷരത ജില്ലയായി കൊല്ലം മാറിയത് അഭിമാനകരമായ നേട്ടമാണ്. ഭരണഘടനയെയും രാജ്യം ഉയർത്തിപ്പിടിക്കുന്ന മാനവീക മൂല്യങ്ങളെയും തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ കേരളം പ്രതിരോധം തീർക്കുകയാണ്. ഉയർന്ന പൗരബോധവും രാഷ്ട്രീയ സാക്ഷരതയും ഉള്ള സമൂഹമാണ് കേരളം. ഭരണഘടനയുടെ ഫെഡറൽ സ്വഭാവത്തിന്റെ പരിരക്ഷ വളരെ പ്രാധാന്യമുള്ളതാണ്. സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി വെട്ടിക്കുറയ്ക്കാനുള്ള നടപടി അടിസ്ഥാന സൗകര്യമേഖലകളുടെ വികസനത്തെ പരിമിതപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തെ മതനിരപേക്ഷതയും വലിയ ഭീഷണി നേരിടുകയാണ്. വർഗീയത രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയായി മാറിക്കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.