പ്രോട്ടോക്കോൾ പ്രകാരമുള്ള റിപ്പബ്ലിക് ദിനാഘോഷം നടത്താതെ തെലങ്കാന സർക്കാർ

ഹൈദരാബാദ്: പ്രോട്ടോക്കോൾ പ്രകാരമുള്ള റിപ്പബ്ലിക് ദിനാഘോഷം നടത്താതെ തെലങ്കാന സർക്കാർ. ഹൈക്കോടതി നിർദേശം ഉണ്ടായിട്ടും പ്രോട്ടോകോൾ പ്രകാരമുള്ള റിപ്പബ്ലിക് ദിനാഘോഷം നടത്താൻ സർക്കാർ തയ്യാറായില്ല. കോവിഡ് സുരക്ഷാ മുൻകരുതലുകൾ ചൂണ്ടിക്കാട്ടിയാണ് സെക്കന്തരാബാദിലെ പരേഡ് ഗ്രൗണ്ടിൽ തുടർച്ചയായി മൂന്നാം വർഷവും റിപ്പബ്ലിക് ദിനാഘോഷം നടത്താൻ സർക്കാർ തയാറാകാത്തത്.

കേന്ദ്രസർക്കാരിന്റെ മാർഗനിർദേശങ്ങൾക്കനുസൃതമായി റിപ്പബ്ലിക് ദിനാഘോഷങ്ങൾ നടത്തണമെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാരിന് തെലങ്കാന ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദ്ദേശം നൽകിയിരുന്നു. ജസ്റ്റിസ് പി.മാധവി ദേവി അധ്യക്ഷയായ ബെഞ്ചിന്റേതാണ് നിർദ്ദേശം. അഭിഭാഷകനായ കെ.ശ്രീനിവാസ് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് കോടതി ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

എന്നാൽ, കോവിഡ് നിയന്ത്രണങ്ങൾ കാരണം കഴിഞ്ഞ രണ്ടു വർഷമായി സെക്കന്തരാബാദിലെ പരേഡ് ഗ്രൗണ്ടിൽ സർക്കാർ റിപ്പബ്ലിക് ദിനാഘോഷം നടത്തുന്നില്ലെന്നും ഈ വർഷവും കോവിഡ് കാരണം പരേഡ് നടത്തുന്നില്ലെന്നും ആഘോഷങ്ങൾ രാജ്ഭവനിൽ നടത്തുമെന്നും സർക്കാർ ഗവർണറെ അറിയിച്ചിരുന്നുവെന്നാണ് സംസ്ഥാന സർക്കാരിനു വേണ്ടി വാദിച്ച അഡ്വക്കറ്റ് ജനറൽ ബി.എസ്.പ്രസാദ് വ്യക്തമാക്കിയത്.

അതേസമയം, രാജ്ഭവനിൽ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ സംഘടിപ്പു. ഗവർണർ തമിഴിസൈ സൗന്ദരരാജൻ ദേശീയ പതാക ഉയർത്തി. ചീഫ് സെക്രട്ടറി എ.ശാന്തികുമാരി, ഡിജിപി അഞ്ജനി കുമാർ, മറ്റു മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ആഘോഷം നടന്നത്. മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവും (കെസിആർ) മറ്റു മന്ത്രിമാരും രാജ്ഭവനിലെ ആഘോഷത്തിൽ പങ്കെടുത്തില്ല.