തിരുവനന്തപുരം: കേരളത്തില്‍ അമിതവേഗത്തിലും അപകടകരമായും ഓടുന്ന കെഎസ്ആര്‍ടിസി ബസുകളുടെ വീഡിയോ പകര്‍ത്തി വാട്സാപ്പില്‍ അയയ്ക്കാനുള്ള സംവിധാനം ഒരുക്കി ഗതാഗത വകുപ്പ്. ഇത്തരത്തിലുള്ള ഡ്രൈവിങ് ശ്രദ്ധയില്‍പെട്ടാല്‍ 91886-19380 എന്ന വാട്സാപ് നമ്പരില്‍ വീഡിയോ അയയ്ക്കേണ്ടതാണെന്ന് ഗതാഗത വകുപ്പ് നിര്‍ദ്ദേശിച്ചു.
‘ഡ്രൈവറെ ആദ്യം ഉപദേശിക്കുകയും ശാസിക്കുകയും ചെയ്യും. ഗുരുതരമായ തെറ്റാണെങ്കില്‍ കടുത്ത ശിക്ഷ നല്‍കാനുമാണു ഗതാഗത വകുപ്പിന്റെ തീരുമാനം. ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണു പരിഷ്കാരം’- ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. എന്നാല്‍, ജീവനക്കാരുടെ മനോവീര്യം കെടുത്തുന്ന പരിഷ്കാരമാണിതെന്ന് ചൂണ്ടിക്കാട്ടി ഭരണപക്ഷ യൂണിയനുകള്‍ ഉള്‍പ്പെടെ രംഗത്ത് വന്നിട്ടുണ്ട്.
അതേസമയം, കുഴല്‍മന്ദത്ത് രണ്ടു യുവാക്കളുടെ മരണത്തിനിടയാക്കിയ കെഎസ്ആര്‍ടിസി ബസിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണു നടപടി.

