തിരുവനന്തപുരം: പാർട്ടി നയത്തിന് വിരുദ്ധമായ നിലപാടാണ് അനിൽ ആന്റണി സ്വീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പാർട്ടിയിൽ നിന്ന് കൊണ്ട് അത് പറയാൻ പാടില്ലെന്നും വ്യത്യസ്ത അഭിപ്രായമുള്ളവർക്ക് അവരവരുടെ വഴികൾ തേടാമെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിന്റെ നയപരിപാടികൾക്ക് വിരുദ്ധമായ നിലപാട് സ്വീകരിച്ച അനിൽ ആന്റണിയുടെ രാജി പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പാർട്ടിയുടെ നയത്തിനു വിരുദ്ധമായ സമീപനം സ്വീകരിച്ച ആൾ പാർട്ടിയിൽ തുടരുന്നത് ശരിയല്ല. പാർട്ടി നയം കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വ്യക്തമാക്കിയിട്ടുണ്ട്. BBC ഡോക്യുമെന്ററിയിൽ അസത്യം ഒന്നുമില്ല. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നടത്തിയ മനുഷ്യവേട്ടയെ കുറിച്ചാണ് അതിൽ പറയുന്നത്. അത് ഇന്ത്യയിൽ പ്രദർശിപ്പിക്കാൻ പാടില്ല എന്ന് പറഞ്ഞാൽ വെല്ലുവിളിച്ചുകൊണ്ട് കൊണ്ട് അത് പ്രദർശിപ്പിക്കുമെന്ന് വി ഡി സതീശൻ അറിയിച്ചു.
രാജ്യത്ത് ജനാധിപത്യ, റിപ്പബ്ലിക്കൻ, ഭരണഘടനാ മൂല്യങ്ങളെ തിരിച്ചു കൊണ്ടുവരാനുള്ള കോൺഗ്രസിന്റെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന്റെ ഭാഗം തന്നെയാണ് ഇതും. പാർട്ടിയുടെ നയത്തെ കുറിച്ച് അറിയാവുന്ന ആളാണ് അനിൽ ആന്റണി. അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായം പാർട്ടിക്കു പുറത്തുനിന്ന് പറയാം. പാർട്ടി വിടുന്നുവെന്നത് അദ്ദേഹത്തിന്റെ സ്വന്തം തീരുമാനമാണ്. ഡോക്യുമെന്ററി സംബന്ധിച്ച അഭിപ്രായത്തിൽ അദ്ദേഹം ഉറച്ചു നിൽക്കുകയാണെങ്കിൽ പാർട്ടി അതു ഗൗരവതരമായി പരിശോധിക്കും. ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിനെതിരെ ബിജെപിയാണ് പ്രശ്നങ്ങളുണ്ടാക്കുന്നത്. ഭൂതകാലം എല്ലാവരും ഓർക്കുമെന്ന ഭയമാണ് ബിജെപിക്ക്. രാജ്യത്തെ ജനാധിപത്യവും മതേതരത്വവും ഭരണഘടനാ മൂല്യങ്ങളും തിരിച്ചു കൊണ്ടുവരാനുള്ള പോരാട്ടമാണ് കോൺഗ്രസ് നടത്തുന്നത്. രാഹുൽ ഗാന്ധി 3500 കിലോമീറ്റർ നടന്നത് രാജ്യത്തെ ഒന്നിപ്പിക്കുന്നതിന് വേണ്ടിയാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

