റിപ്പബ്ലിക് ദിനാഘോഷം; ഗവർണറുടെ വിരുന്നിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിൽ നടത്തുന്ന വിരുന്നിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഗവർണർ രാജ്ഭവനിൽ ഒരുക്കുന്ന ‘അറ്റ് ഹോമിൽ’ ആണ് മുഖ്യമന്ത്രി പങ്കെടുക്കുക. വൈകിട്ട് 6.30നാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മന്ത്രിമാരെയും വിശിഷ്ടാതിഥികളെയും ഗവർണർ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

അതേസമയം, ക്രിസ്മസിന് ഗവർണർ സംഘടിപ്പിച്ച വിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഗവർണർ ക്രിസ്മസ് വിരുന്നിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ, വിരുന്നിൽ പങ്കെടുക്കേണ്ടതില്ലെന്നായിരുന്നു സർക്കാർ തീരുമാനിച്ചത്. സ്പീക്കറും പ്രതിപക്ഷ നേതാവും വിരുന്നിൽ പങ്കെടുത്തിരുന്നില്ല. സർക്കാരിന്റെ ക്രിസ്മസ് ആഘോഷങ്ങളിൽ ഗവർണർക്കും ക്ഷണം ലഭിച്ചിരുന്നില്ല.

ഗവർണർമാരെ സാധാരണനിലയിൽ മുഖ്യമന്ത്രിയുടെ വിരുന്നിലേക്ക് ക്ഷണിക്കാറില്ല. ഗവർണർ എത്തുമ്പോൾ സുരക്ഷാമുൻകരുതലുകളും പ്രോട്ടോക്കോൾ നടപടികളും കാരണം മറ്റ് അതിഥികൾക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാനാണ് ഗവർണറെ ഒഴിവാക്കിയിരുന്നത്. ഈ സാഹചര്യത്തിലാണ് ഇത്തവണയും ഗവർണറെ ക്ഷണിക്കാതിരുന്നതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അന്ന് വിശദമാക്കിയിരുന്നത്.