ഭരണഘടനയെ അംഗീകരിച്ച് മുന്നോട്ട് പോകേണ്ടത് പൗരന്റെ കടമ; റിപബ്ലിക് ദിന സന്ദേശം പങ്കുവെച്ച് രാഷ്ട്രപതി

ന്യൂഡൽഹി: റിപബ്ലിക് ദിന സന്ദേശം പങ്കുവെച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. രാജ്യം വികസന യാത്രയിലാണെന്നും ഭരണഘടനയെ അംഗീകരിച്ച് മുന്നോട്ട് പോകേണ്ടത് പൗരന്റെ കടമയാണെന്നും രാഷ്ട്രപതി വ്യക്തമാക്കി. ഇതുവരെ കൈവരിച്ച നേട്ടങ്ങൾ രാജ്യം ഒന്നിച്ച് ആഘോഷിക്കുകയാണെന്നും രാഷ്ട്രപതി പറഞ്ഞു.

രാജ്യത്തിന് വേണ്ടി എല്ലാം ത്യജിക്കാൻ തയാറായി അതിർത്തിയിൽ കാവൽ നിൽക്കുന്ന സൈനികരെ രാഷ്ട്രപതി പ്രത്യേകം അഭിനന്ദിച്ചു. കോവിഡ് പശ്ചാത്തലത്തിൽ പാവപ്പെട്ട കുടുംബങ്ങൾക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കിയ കേന്ദ്ര സർക്കാരിന് ദ്രൗപതി മുർമു പ്രശംസ അറിയിച്ചു.

രാഷ്ട്രനിർമാണത്തിൽ സ്ത്രീകൾക്ക് കൂടുതൽ ഇടം നൽകണം. ജനാധിപത്യം, ബഹുസ്വരത എന്നിവയെ പരിപോഷിപ്പിക്കുന്നതിനും മികച്ച ലോകവും ഭാവിയും രൂപപ്പെടുത്തുന്നതിനുമുള്ള അവസരമാണ് ജി20 അദ്ധ്യക്ഷത പദവി. ഇന്ത്യയുടെ നേതൃത്വത്തിലൂടെ കൂടുതൽ സുസ്ഥിരവും സമത്വവും നിറഞ്ഞ ലോകം പടുത്തുയർത്താൻ സാധിക്കും. ലോകത്തിലെ ഇനസംഖ്യയുടെ മുന്നിൽ രണ്ടും, ജിഡിപിയുടെ 85 ശതമാനവും ജി 20 രാജ്യങ്ങളിലാണ്. ആഗോള താപനത്തിനും കാലാവസ്ഥ വ്യതിയാനത്തിനുമാണ് ജി 20യിൽ കൂടുതൽ ഊന്നൽ നൽകേണ്ടതെന്നും മുർമു കൂട്ടിച്ചേർത്തു.