അമിത വിശപ്പാണോ പ്രശ്നം; കഴിക്കേണ്ട ഭക്ഷണങ്ങൾ ഇവയെല്ലാം

കൃത്യമായി മൂന്ന് നേരം ഭക്ഷണം കഴിച്ചാലും, ഇടവിട്ട് എന്തെങ്കിലും കഴിക്കണമെന്ന് തോന്നിക്കൊണ്ടേയിരിക്കുന്ന അവസ്ഥ ചിലർക്കെങ്കിലും അനുഭവപ്പെടാറുണ്ട്. ഇങ്ങനെ കഴിക്കുമ്പോൾ ശരീരഭാരം വർദ്ധിക്കാനിടയുണ്ട്. വിശപ്പ് അനുഭവപ്പെടുമ്പോൾ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളാണ് എല്ലാവരും കഴിക്കുന്നത്. ഇത് കൊളസ്‌ട്രോൾ അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങളെ വഴിയൊരുക്കുമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അമിത വിശപ്പിനെ നിയന്ത്രിക്കാൻ കഴിക്കേണ്ട ചില ഭക്ഷണങ്ങൾ ഏതൊക്കെയാണന്ന് നോക്കാം.

ബദാം കഴിക്കുന്നത് വിശപ്പ് ശമിപ്പിക്കാൻ സഹായിക്കും. ആന്റി ഓക്‌സിഡന്റുകൾ, വിറ്റാമിൻ ഇ, മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീൻ, ഫൈബർ എന്നിവയാൽ സമ്പന്നമാണ് ബദാം. ശരീരത്തിലെ കൊഴുപ്പ് എരിച്ചു കളയുന്നതിനും കലോറി കുറയ്ക്കുന്നതിനും വിശപ്പ് കുറയ്ക്കാനും തേങ്ങ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

മുളപ്പിച്ച വെള്ളക്കടല ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഏറെ നേരം വിശപ്പ് അനുഭവപ്പെടാതിരിക്കാൻ സഹായിക്കും. പ്രോട്ടീൻ, ഫൈബർ എന്നിവയാൽ സമ്പന്നമാണ് ഇത്. പ്രോട്ടീനും കാത്സ്യവും ധാരാളം അടങ്ങിയ ബട്ടർ മിൽക്കും വിശപ്പ് ശമിപ്പിക്കും. അമിതമായ വിശപ്പിനെ നിയന്ത്രിക്കാൻ വെജ് ജ്യൂസ് കുടിക്കുന്നതും നല്ലതാണ്.