ലണ്ടന്‍: ‘ഇന്ത്യ, ദി മോദി ക്വസ്റ്റ്യന്‍’ എന്ന ബിബിസി ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ഇന്നലെ രാത്രി ബ്രിട്ടീഷ് സമയം ഒമ്പതിന് (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) ബിബിസി-ടുവില്‍ സംപ്രേക്ഷണം ചെയ്തു. ബീഫിന്റെ പേരില്‍ ഈയിടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളും കുറ്റക്കാരായവരെ രക്ഷിക്കാന്‍ കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ ശ്രമങ്ങളും ഡോക്യുമെന്ററിയില്‍ വ്യക്തമാക്കുന്നു. ജാര്‍ഖണ്ഡിലെ അലിമുദീന്‍ അന്‍സാരിയുടെ കൊലപാതക ദൃശ്യങ്ങള്‍ സഹിതമായിരുന്നു ഡോക്യുമെന്ററിയുടെ ഉള്ളടക്കം.
കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാനായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളുടെ കഥയും, രാഷ്ട്രീയ നേതാക്കളും പൊതുപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ള 4000 പേരെ അറസ്റ്റു ചെയ്തും ജാമ്യം നിഷേധിച്ച് ജയിലില്‍ അടച്ചും നടത്തിയ കിരാതമായ പട്ടാളവാഴ്ചയുടെ കാലവും ഡോക്യുമെന്ററി രണ്ടാം ഭാഗം വിവരിക്കുന്നു. ബംഗ്ലാദേശില്‍ നിന്നും ആസമിലേക്ക് കുടിയേറിയ മുസ്ലിംങ്ങളെ ലക്ഷ്യംവച്ചുള്ള പൗരത്വ റജിസ്റ്ററും അതിനെത്തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങള്‍ക്കു നേരേ സര്‍ക്കാര്‍ നടത്തിയ ക്രൂരമായ അടിച്ചമര്‍ത്തലുകളും, അനധികൃത കുടിയേറ്റക്കാര്‍ എന്ന പേരില്‍ ആസാമിലെ നിരവധി മുസ്ലിം കുടുംബങ്ങള്‍ ജയിലില്‍ അടയ്ക്കപ്പെട്ടതും കൊടിയ പീഡനങ്ങള്‍ക്ക് ഇരയായതുമെല്ലാം ഇരകളുടെ വെളിപ്പെടുത്തലായി ഡോക്യുമെന്ററിയില്‍ കാണിക്കുന്നു.
ഡല്‍ഹിയിലെ ജാമിയ മിലിയ യൂണിവേഴ്സിറ്റി വിദ്യാര്‍ഥികളുടെ പാര്‍ലമെന്റ് മാര്‍ച്ചിനെ നേരിടാനായി യൂണിവേഴ്സിറ്റിയിലും കുട്ടികളുടെ ഹോസ്റ്റലിലും പോലീസ് നടത്തിയ നരനായാട്ടും അതിന്റെ പേരില്‍ ജയിലിലായി ജീവിതം തകര്‍ന്നവരുടെ കഥയുമെല്ലാം വിവരിക്കുന്നു. 53 പേരുടെ മരണത്തിനും അഞ്ഞൂറിലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കാനും ഇടയായ ഡല്‍ഹി കലാപത്തിന്റെ നേര്‍ക്കാഴ്ചകളും ഡോക്യുമെന്ററിയിലുണ്ട്. കലാപം അടിച്ചമര്‍ത്താനെന്ന പേരില്‍ ഡല്‍ഹി പൊലീസ് നടത്തുന്ന കലാപത്തേക്കാള്‍ ക്രൂരമായ പീഡനങ്ങളുടെ ദൃശ്യങ്ങള്‍ സഹിതമാണ് ഡോക്യുമെന്ററി.

