അഫ്ഗാനിസ്ഥാനിൽ ശൈത്യം കനക്കുന്നു; രണ്ടാഴ്ചക്കിടെ മരണപ്പെട്ടത് 124 പേർ

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ശൈത്യം കനക്കുന്നു. അതി ശൈത്യത്തിൽ 124 മരണമാണ് അഫ്ഗാനിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ 124 പേർ മരണപ്പെട്ടുവെന്നാണ് താലിബാൻ ഭരണകൂടം അറിയിച്ചത്. എന്നാൽ, മരണസംഖ്യ ഇതിലും കൂടുതലാണെന്നാണ് സന്നദ്ധ സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്.

സമീപ കാലത്ത് രേഖപ്പെടുത്തിയതിൽ ഏറ്റവും തഴ്ന്ന താപനിലയാണ് നിലവിൽ അഫ്ഗാനിൽ അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിലും താപനില താഴ്ന്ന നിലയിൽ തന്നെ തുടരാനിടയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നത്. ശൈത്യത്തെ തുടർന്ന് ഏറ്റവും അധികം മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഗ്രാമീണ മേഖലയിലാണ്.

സന്നദ്ധ സംഘടനകളിൽ സ്ത്രീകൾ ജോലി ചെയ്യുന്നതിന് താലിബാൻ ഭരണകൂടം വിലക്കേർപ്പെടുത്തിയിരുന്നു. തുടർന്ന് അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾ അഫ്ഗാനിസ്ഥാനിൽ പ്രവർത്തനം നിർത്തുകയും ചെയ്തിരുന്നു. ഇത് സാധാരണക്കാർക്ക് സഹായം എത്തിക്കുന്നതിന് തിരിച്ചടി സൃഷ്ടിച്ചിരുന്നു.