തിരുവനന്തപുരം: ബിബിസി ഡോക്യുമെന്ററിയിൽ കെപിസിസി മീഡിയ സെൽ കൺവീനറും മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ മകനുമായ അനിൽ ആന്റണി നടത്തിയ പ്രസ്താവനയെ തള്ളി കോൺഗ്രസ് എംപി ശശി തരൂർ. ബിബിസി ഡോക്യുമെന്ററി രാജ്യത്തിന്റെ പരമാധികാരത്തിനെതിരെയെന്ന അനിൽ ആന്റണിയുടെ പരാമർശം തള്ളിയാണ് അദ്ദേഹം രംഗത്തെത്തിയത്. ബിബിസി ഡോക്യുമെന്ററി കൊണ്ട് തകരുന്നത് അല്ല നമ്മുടെ പരമാധികാരമെന്ന് അദ്ദേഹം വ്യക്തമാക്കി.
ബാക്കി കാര്യങ്ങൾ അദ്ദേഹത്തോട് ചോദിക്കണം. ഈ വിഷയവുമായി ബന്ധപ്പെട്ട് അദ്ദേഹത്തോട് സംസാരിച്ചിട്ടില്ല. ഗുജറാത്ത് കലാപ വിഷയത്തിൽ സുപ്രീം കോടതി തീരുമാനം പ്രഖ്യാപിച്ചു കഴിഞ്ഞതാണ്. നമുക്ക് ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്. സർക്കാർ ഡോക്യുമെന്ററി വിലക്കിയതാണ് കാര്യങ്ങൾ വഷളാക്കിയതെന്നും പ്രദർശനം കോൺഗ്രസ് ഏറ്റെടുത്തത് ഈ സെൻസർഷിപ്പിന് എതിരെയാണെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യത്തിൽ എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്യവുമുണ്ട്. അതിന് വിലക്കേർപ്പെടുത്തുന്നത് ശരിയല്ല. ജനങ്ങൾ കണ്ട് വിലയിരുത്തട്ടെ. ബിബിസി ഡോക്യുമെന്ററി 2002 ൽ നമ്മുടെ രാജ്യത്ത് സംഭവിച്ച കാര്യത്തിലുള്ളതാണ്. ആ കാലത്ത് ബ്രീട്ടീഷ് ഹൈക്കമ്മീഷനിൽ പ്രവർത്തിക്കുന്ന ചിലർ പോയി അന്വേഷണം നടത്തി. അവരുടെ റിപ്പോർട്ട് ഇപ്പോൾ ബിബിസിക്ക് കിട്ടി. അവരത് ഡോക്യുമെന്ററി ആക്കി. ഇതിൽ വലിയൊരു അതിശയം തേന്നേണ്ട കാര്യമില്ല. ഇംഗ്ലണ്ടിലെ ലെസ്റ്റരിൽ നടന്ന കലാപത്തിൽ നമ്മുടെ നയതന്ത്ര പ്രതിനിധികളും റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ബിബിസി ഡോക്യുമെന്ററി കാണാനും ഇഷ്ടപ്പെടാനും ഇഷ്ടപ്പെടാതിരിക്കാനും എല്ലാവർക്കും അവകാശമുണ്ട്. ആ സ്വാതന്ത്രം എല്ലാവർക്കും കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇത്ര വലിയ വിഷയം ആക്കേണ്ടിയിരുന്നില്ല. ഗുജറാത്ത് കലാപ വിഷയം ഇനിയും ചർച്ച ആക്കേണ്ട കാര്യമില്ല. കോടതി പറഞ്ഞു കഴിഞ്ഞ കാര്യമാണ്. പലർക്കും അതിൽ വിയോജിപ്പ് ഉണ്ടാകാം. പക്ഷേ കോടതി വിധി വന്ന ശേഷം വീണ്ടും ചർച്ച ചെയ്യുന്നതിൽ കാര്യമില്ല. മറ്റു കാര്യങ്ങൾ ചർച്ച ചെയ്യാൻ ഉണ്ടെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.

