കൊച്ചി: എറണാകുളത്ത് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. കാക്കനാട് സ്വകാര്യ സ്‌കൂളിലെ 19 വിദ്യാർത്ഥികൾക്കാണ് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങളെ തുടർന്നു നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടികളുടെ മാതാപിതാക്കളിൽ ചിലർക്കും രോഗബാധയുടെ ലക്ഷണങ്ങൾ പ്രകടമായിട്ടുണ്ട്.
സ്‌കൂളിലെ 1 മുതൽ 5 വരെ ക്ലാസുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ജില്ലാ കളക്ടർ അറിയിച്ചു. നോറോ വൈറസ് ബാധിച്ച് ചികിത്സയിൽ ഉള്ളവരുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ജില്ലാ ആരോഗ്യവകുപ്പിൽ നിന്നുള്ള സംഘം സ്ഥലം സന്ദർശിച്ചു. ക്ലാസുകൾ താൽക്കാലികമായി അടച്ചിട്ടുണ്ട്.
ഓൺലൈനായി ബോധവൽക്കരണ ക്ലാസുകൾ നൽകുന്നുണ്ട്. ശുചിമുറികളും ക്ലാസുകളും അണു വിമുക്തമാക്കിയിട്ടുണ്ട്. കുടിവെള്ള സ്രോതസ്സുകളിൽ നിന്നുള്ള സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സൂപ്പർ ക്ലോറിനേഷനുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു. രോഗ ലക്ഷണങ്ങൾ ഉള്ളവർ നിരീക്ഷണത്തിൽ തുടരുന്നതിന് നിർദ്ദേശിച്ചിട്ടുണ്ട്. എല്ലാവരും ജാഗ്രത പാലിക്കണം. കുടിവെള്ള സ്രോതസ്സുകൾ ശുചിയാണെന്ന് ഉറപ്പ് വരുത്തേണ്ടതാണെന്നും കളക്ടർ നിർദ്ദേശം നൽകി.

