സര്‍ക്കാരുമായുള്ള ഒത്തുതീര്‍പ്പിന്റെ ഫലമാണ് ഗവര്‍ണറുടെ നയപ്രഖ്യാപനം; കേന്ദ്രത്തിനുള്ള തലോടലെന്നും പ്രതിപക്ഷം

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമസഭയില്‍ നടത്തിയത് ചരിത്രത്തിലെ ഏറ്റവും മോശം നയപ്രഖ്യാപന പ്രസംഗമെന്ന വിമര്‍ശനവുമായി പ്രതിപക്ഷം.

പ്രതിപക്ഷ നേതാവിന്റെ വാക്കുകള്‍

‘സര്‍ക്കാരുമായുള്ള ഒത്തുതീര്‍പ്പിന്റെ ഫലമാണ് ഗവര്‍ണറുടെ നയപ്രഖ്യാപനം. ചരിത്രത്തിലെ ഏറ്റവും മോശമായ നയപ്രഖ്യാപന പ്രസംഗമാണ് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഗവര്‍ണര്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ചത്. പ്രസംഗത്തില്‍ കേന്ദ്രത്തിന് തലോടലാണ്. പ്രസംഗത്തില്‍ വസ്തുതക്ക് നിരക്കാത്ത കാര്യങ്ങളാണുള്ളത്. സാമ്ബത്തിക സ്ഥിതി ഭദ്രം എന്ന ചിരിപ്പിക്കുന്ന പ്രസ്താവനയാണ് ഗവര്‍ണറെ കൊണ്ട് ഇത് പറയിച്ചത്. ശമ്ബളം പോലും കൊടുക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ആ യാഥാര്‍ഥ്യത്തെ മറച്ചുവച്ചു. ഏറ്റവും മികച്ച പൊലീസ് കേരളത്തിലേത് എന്നാണ് പ്രസംഗത്തില്‍ പറഞ്ഞത്. കേരളത്തിലേത് ഏറ്റവും മോശം പൊലീസാണ്. പൊലീസില്‍ ന്യൂനപക്ഷ ഭൂരിപക്ഷ തീവ്രവാദികള്‍ വരെയുണ്ട്. സെക്രട്ടറിയേറ്റില്‍ അക്രഡിറ്റേഷനുള്ള മാധ്യമപ്രവര്‍ത്തകരെ വിലക്കിയ സര്‍ക്കാരാണ് മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്നത്. യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് പ്രസംഗത്തില്‍ ഉള്ളത്. കേന്ദ്രത്തെ വിമര്‍ശിക്കേണ്ട ഒത്തിരി കാര്യങ്ങള്‍ ഉണ്ട്. അത്തരം വിമര്‍ശനങ്ങള്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഇല്ല. ഗവര്‍ണര്‍വിമര്‍ശനത്തിന് തയ്യാറായില്ലെന്നാണ് അര്‍ഥമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. കേന്ദ്രം അനുമതി നല്‍കിയാലും സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.പിഎഫ്ഐ ജപ്തിയുടെ മറവില്‍ നിരപരാധികളായ ആളുകളുടെ സ്വത്ത് കണ്ടുകെട്ടുന്നു ഇതിനെതിരെയാണ് മുസ്ലിം ലീഗ് പറഞ്ഞത്. ഇത് ഗൗരവമായി പരിശോധിക്കുകയാണ്. സില്‍വര്‍ ലൈന്‍ നടപ്പാക്കാന്‍ അനുവദിക്കില്ല .കേന്ദ്രം അനുമതി നല്‍കിയാലും പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ല. പിഎഫ്ഐ ജപ്തിയുടെ മറവില്‍ നിരപരാധികളായ ആളുകളുടെ സ്വത്ത് കണ്ടുകെട്ടുന്നു. ഇതിനെതിരെയാണ് മുസ്ലിം ലീഗ് പറഞ്ഞത് .ഇത് ഗൗരവമായി പരിശോധിക്കുകയാണ്.’

ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ നിന്ന്

അര്‍ധ അതിവേഗ പദ്ധതി സുരക്ഷിതവും വേഗമേറിയതുമാണ്. പദ്ധതിയുടെ ഡിപിആര്‍ കേന്ദ്ര അനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. വേഗമേറിയതും സുരക്ഷിതവുമായ ഗതാഗതമാര്‍ഗം നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സംസ്ഥാനത്തിന്റെ കടമെടുപ്പ് തടയാന്‍ നീക്കം നടക്കുന്നു. ഒബിസി സ്‌കോളര്‍ഷിപ്പ് നിര്‍ത്തിയതിലും കേന്ദ്രത്തെ വിമര്‍ശിച്ചു. കിഫ്ബിയെ കേരളത്തിന്റെ കടമെടുപ്പ് സംസ്ഥാനത്തിന്റെ വായ്പ എടുപ്പിനെ ബാധിക്കുന്നു. ഭരണഘടനാ തത്വങ്ങള്‍ ഭീഷണി നേരിടുകയാണ്. ഭരണഘടനാമൂല്യങ്ങള്‍ സംരക്ഷിക്കാന്‍ നാം പ്രതിജ്ഞാബദ്ധമാണ്. ശക്തമായ രാജ്യത്തിനു ശക്തമായ കേന്ദ്രവും അധികാരശ്രേണികളും വേണം. ജനങ്ങളുടെ താല്‍പര്യങ്ങള്‍ പ്രതിഫലിക്കുന്ന നിയമസഭകള്‍ സംരക്ഷിക്കപ്പെടണം. കാര്‍ഷിക വിപണം പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ കമ്ബനി രൂപവത്കരിക്കും. തോട്ടവിളകള്‍ക്ക് അടുത്ത സാമ്ബത്തിക വര്‍ഷം മുതല്‍ പ്രത്യേക പരിഗണന നല്‍കും. മത്സ്യബന്ധന മേഖലയെ ആധുനികവല്‍ക്കരിക്കും. പാലുല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കും. മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്നത് കേരളത്തിന്റെ ഉറച്ച നിലപാട്. മുല്ലപ്പെരിയാറിന്റെ നദീതീരങ്ങളെ സംരക്ഷിക്കാന്‍ സമഗ്ര പദ്ധതി നടപ്പാക്കും. ഭവനരഹിതര്‍ക്ക് വീടു നല്‍കുന്നതില്‍ ലൈഫ് മിഷന്‍ നേട്ടമുണ്ടാക്കി. കുടുംബശ്രീ മുഖേന സ്ത്രീ ശാക്തീകരണം നടപ്പാക്കി. ശിശുമരണ നിരക്ക് കുറച്ചു. വിദ്യാഭ്യാസമേഖലയില്‍ നൂതന പദ്ധതികള്‍ നടപ്പാക്കി. കൂടുതല്‍ കുട്ടികള്‍ പൊതു വിദ്യാലയത്തിലേക്ക് വന്നു. കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കുി മാറ്റും. ആദിവാസി ഊരുകളുടെ വികസനത്തിന് മൈക്രോ പ്ലാന്‍ നടപ്പാക്കും. ഓട്ടിസം പാര്‍ക്കുകള്‍ ഒരുക്കും.

അതേസമയം, ഗവര്‍ണര്‍ക്കെതിരായ വിമര്‍ശനവും നയപ്രഖ്യാപന പ്രസംഗത്തിലുണ്ട്. ബില്ലുകള്‍ ഒപ്പിടാത്തതിനെതിരായ പരോക്ഷ വിമര്‍ശനവും നയപ്രഖ്യാപനത്തിലുൂടെ ഗവര്‍ണറെക്കൊണ്ട് വായിപ്പിച്ചു.