നയപ്രഖ്യാപനത്തിൽ കേന്ദ്രത്തിനെതിരായ വിമർശനം മയപ്പെടുത്തിയത് ഗവർണർ – സർക്കാർ ഒത്തുകളി; വി ഡി സതീശൻ

കൊച്ചി: ഗവർണർക്കും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നയപ്രഖ്യാപനത്തിൽ കേന്ദ്രത്തിനെതിരായ വിമർശനം മയപ്പെടുത്തിയത് ഗവർണർ – സർക്കാർ ഒത്തുകളിയാണെന്ന് അദ്ദേഹം വിമർശിച്ചു. മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ നടത്തിക്കൊണ്ടിരിക്കുന്നത് കൊടുക്കൽ വാങ്ങലുകളും ഒത്തുതീർപ്പുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ സിപിഎമ്മും കേന്ദ്രത്തിലെ സംഘപരിവാറും തമ്മിലുള്ള വഴിവിട്ട ബന്ധത്തിന്റെ തുടർച്ചയാണ് കേരളത്തിൽ സർക്കാരും ഗവർണറും തമ്മിലുള്ള ബന്ധം. ബിജെപി വിരുദ്ധ ഭരണമുള്ള മറ്റ് സംസ്ഥാനങ്ങളിലെ സർക്കാരുകളുമായി ഗവർണർ ഏറ്റുമുട്ടുമ്പോൾ ഇവിടെ ഒത്തുതീർപ്പ് മാത്രമാണ് നടക്കുന്നത്. അല്ലാതെ ഗവർണറുമായി സർക്കാരിന് പ്രത്യയശാസ്ത്രപരമായ തർക്കവുമില്ല. അതുകൊണ്ട് കേന്ദ്രത്തിനെതിരായ വിമർശനം മയപ്പെടുത്തിയുള്ള നയപ്രഖ്യാപന പ്രസംഗം ഗവർണർക്ക് നൽകിയതെന്ന് വി ഡി സതീശൻ പറഞ്ഞു.

സർക്കാർ എപ്പോഴെങ്കിലും പ്രതിക്കൂട്ടിലായാൽ ഉടൻ മുഖ്യമന്ത്രി – ഗവർണർ സംഘർഷം പൊട്ടിപ്പുറപ്പെടും. മാധ്യമങ്ങളെല്ലാം അതിന് പിന്നാലെ പോകും. സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാൻ വേണ്ടി മാത്രമാണ് ഇവർ തമ്മിൽ പോരടിക്കുന്നത്. എന്നിട്ട് എല്ലാം ഒത്തുതീർപ്പാക്കും. ഒത്തുതീർപ്പ് നടത്തിയാണ് സർവകലാശാലകളെ ഒരു പരുവത്തിലാക്കിയതെന്ന് വി ഡി സതീശൻ ആരോപിച്ചു.

എല്ലായിപ്പോഴും പ്രതിപക്ഷം പറഞ്ഞിട്ടുള്ളത് മുഖ്യമന്ത്രിക്കോ ഗവർണർക്കോ ഒപ്പമല്ലെന്നാണ്. നിരവധി ജനകീയ വിഷയങ്ങൾ നിയമസഭ സമ്മളേനത്തിൽ പ്രതിപക്ഷത്തിന് ഉന്നയിക്കാനുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ ധനപ്രതിസന്ധിയിലേക്കാണ് സംസ്ഥാനം കൂപ്പ് കുത്തുന്നത്. ബജറ്റ് എന്നത് വെറും പ്രസംഗം മാത്രമായി ചുരുങ്ങാൻ പോകുകയാണ്. ബജറ്റിൽ പറയുന്ന ഒരു പദ്ധതിയും നടപ്പാക്കാനുള്ള പണം സർക്കാരിന്റെ കൈവശമില്ല. നികുതി വരുമാനം കുറഞ്ഞും ദുർചെലവുകൾ വർധിച്ചും ഖജനാവ് കാലിയായെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിന്റെ ധനകാര്യ മാനേജ്മെന്റ് സംസ്ഥാനത്തെ എങ്ങനെ തകർക്കാം എന്നതിന്റെ ഉദാഹരണമാണ്. വികസനപ്രവർത്തനങ്ങളും സാമൂഹിക സുരക്ഷാ പദ്ധതികളും അവതാളത്തിലായിരിക്കുകയാണ്. കൊട്ടിഘോഷിക്കപ്പെട്ട കിഫ്ബി ഇനി വേണ്ടെന്നാണ് തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷാ വകുപ്പ് തകർന്നു തരിപ്പണമായി. വനാതിർത്തികളിൽ ജീവിക്കുന്നവർ പ്രതിസന്ധിയിലായിട്ടും സർക്കാർ കൈയ്യുംകെട്ടി ഇരിക്കുകയാണെന്നും അനാസ്ഥയും നിസംഗതയും കൊണ്ട് തികഞ്ഞ പരാജയായി സർക്കാർ മാറിയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

പ്രതിപക്ഷം പ്രാമുഖ്യം നൽകുന്നത് രാഷ്ട്രീയ പോരാട്ടത്തിലുപരി ജനകീയ വിഷയങ്ങൾ ചർച്ച ചെയ്ത് അതിന് പരിഹാരം കണ്ടെത്തുന്നതിനാണ്. എല്ലാത്തിലും വിമർശനങ്ങൾ മാത്രല്ല, ബദൽ നിർദ്ദേശങ്ങളും പ്രതിപക്ഷത്തിനുണ്ട്. ഇതെല്ലാം നിയമസഭയിൽ അവതരിപ്പിക്കാനാണ് തീരുമാനമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.