ബീജിംഗ്: അടുത്ത മൂന്ന് മാസങ്ങൾക്കുള്ളിൽ ചൈനയിലെ കോവിഡ് വ്യാപനം അപകടകരമാം വിധം വർദ്ധിക്കുമെന്ന് റിപ്പോർട്ട്. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളെയും കോവിഡ് ബാധിച്ചു കഴിഞ്ഞുവെന്ന് ചൈന വ്യക്തമാക്കുന്നത്. രാജ്യത്തെ 80 ശതമാനം വരുന്ന ജനസംഖ്യയെ കൊവിഡ് ബാധിച്ചുവെന്നാണ് പുറത്തു വരുന്ന വിവരം.
കോവിഡ് വൈറസിന്റെ പുതിയ വകഭേദം മൂലം കഴിഞ്ഞ ഡിസംബർ മാസം മുതൽ ചൈനയിൽ കൊവിഡ് വ്യാപനം രൂക്ഷമാണെന്നാണ് അന്്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആശുപത്രികൾ കോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞു കവിയുന്ന അവസ്ഥയാണുള്ളത്. രോഗവ്യാപനം രൂക്ഷമായതിന് പിന്നാലെ 2022 ഡിസംബർ എട്ട് മുതൽ ഈ മാസം 12 വരെയുള്ള കണക്കുകൾ ചൈന ഔദ്യോഗികമായി പങ്കുവെച്ചിരിന്നു. ഈ കാലയളവിൽ 59,938 മരണങ്ങളാണ് കൊവിഡ് മൂലം ചൈനയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഇതിൽ 5,503 പേരുടെ മരണകാരണം കോവിഡ് ബാധ മൂലമുള്ള ശ്വാസകോശ രോഗങ്ങൾ സങ്കീർണമായതാണെന്നും ഹൃദ്രോഗസംബന്ധമായത് അടക്കം പലഗുരുതര രോഗങ്ങളുള്ള 54,435 പേരും കൊവിഡ് ബാധ മൂലം മരണപ്പെട്ടിട്ടുണ്ടെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. പുതുവത്സര ആഘോഷത്തിനിടയിൽ ആളുകൾ മുൻകരുതലില്ലാതെ ഒത്തുകൂടിയതാണ് നിലവിലെ രോഗവർദ്ധനവിന് കാരണമെന്നാണ് വിദഗ്ധർ പറയുന്നത്.

