സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ല; പദ്ധതിയ്ക്ക് പ്രാഥമിക അനുമതി ലഭിച്ചുവെന്ന് ഗവർണർ

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയ്ക്ക് പ്രാഥമിക അനുമതി ലഭിച്ചുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ലെന്നും പദ്ധതിക്ക് ഡിപിആർ അന്തിമ അനുമതിക്കായി സമർപ്പിച്ചിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള നയപ്രഖ്യാപന പ്രസംഗത്തിലാണ് ഗവർണർ ഇക്കാര്യം അറിയിച്ചത്.

കാര്യക്ഷമവും വേഗതയും ഉള്ള യാത്രയ്ക്ക് സിൽവർ ലൈൻ വേണമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ നേട്ടങ്ങളെ കുറിച്ചും അദ്ദേഹം നയപ്രസംഗത്തിൽ വിശദീകരിച്ചു. സുസ്ഥിര വികസനത്തിൽ കേരളം മുന്നിലാണെന്നും സംസ്ഥാനം അഭിമാനകരമായ സാമ്പത്തിക നേട്ടം കൈവരിച്ചെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.

സംസ്ഥാനങ്ങളുടെ നിയമസഭകൾ സംരക്ഷിക്കപ്പെടണമെന്നും സംസ്ഥാനങ്ങളുടെ നിയമനിർണയാധികാരം സംരക്ഷിക്കപ്പെടണമെന്നും ഗവർണർ അറിയിച്ചു. പ്രതിസന്ധികൾക്കിടയിലും സംസ്ഥാനം 17 ശതമാനം വളർച്ച നേടി. ദുർബല വിഭാഗങ്ങൾക്കായാണ് സംസ്ഥാനത്തിന്റെ വികസന നയം. ലൈഫ് മിഷൻ പദ്ധതി തുടരും. സംസ്ഥാനത്ത് നിക്ഷേപങ്ങൾ ആകർഷിക്കാൻ കഴിഞ്ഞുവെന്നും കേരളം തൊഴിലില്ലായ്മ പരിഹരിക്കുന്നതിൽ മുൻപിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തിന്റെ ലക്ഷ്യം സുസ്ഥിര വികസനമാണ്. വേർതിരിവില്ലാത്ത സംസ്ഥാനമാണ് കേരളം. നാനാത്വം അംഗീകരിച്ച് തന്നെയാണ് സംസ്ഥാനം മുന്നോട്ട് പോകുന്നത്. കേരളത്തിൽ സാമ്പത്തിക ഫെഡറലിസം ശക്തമാണ്. സംസ്ഥാനത്തെ കുടുംബശ്രീ പദ്ധതി അഭിമാനമാണ്. വ്യവസായ മേഖലയിൽ കുതിച്ചുചാട്ടമുണ്ടായിട്ടുണ്ട്. അഭിമാനകരമായ സാമ്പത്തിക വളർച്ച സംസ്ഥാനം നേടിയെന്നും സുസ്ഥിര വികസനത്തിൽ കേരളം മുന്നിലാണെന്നും ഗവർണർ പറഞ്ഞു.

സാമൂഹിക ശാക്തീകരണത്തിൽ സംസ്ഥാനം മാതൃകയാണ്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിൻറെ മികച്ച കേന്ദ്രമാക്കും. ആരോഗ്യമേഖലയിൽ ഉണ്ടായത് വൻ നേട്ടങ്ങളാണ്. ഇ-ഓഫീസ് എന്ന സംവിധാനം യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്. എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഇ ഓഫീസ് സജ്ജമാണ്. കേരള വിജ്ഞാന സാമ്പത്തിക മിഷൻ ലക്ഷ്യത്തിലേക്കെത്തിക്കൊണ്ടിരിക്കുന്നു. സഹകരണ മേഖലയിലെ ശാക്തീകരിക്കാൻ നടപടികളുണ്ടാകും. മത്സ്യബന്ധന മേഖലയ്ക്ക് പ്രത്യേക ഊന്നൽ നൽകും. മേഖലയിൽ ആധുനികവത്ക്കരണം നടപ്പിലാക്കുമെന്നും ഗവർണർ അറിയിച്ചു.