ജമ്മു: ഭാരത് ജോഡോ യാത്ര വലിയ വിജയമായി മാറിയെന്ന ആത്മവിശ്വാസത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തിന്റെ പ്രധാനമന്ത്രിയായാൽ പ്രഥമ പരിഗണന നൽകുന്നത് എന്തിനാകുമെന്ന് വെളിപ്പെടുത്തുകയാണ് ഇപ്പോൾ അദ്ദേഹം.
രാജ്യത്തിന്റെ പ്രധാനമന്ത്രിയായാൽ വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്തുന്നതിനാകും പ്രഥമ പരിഗണന നൽകുകയെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ വിദ്യാഭ്യാസ മേഖല ഒരുപാട് മെച്ചപ്പെടാനുണ്ടെന്നും ഇതിനുള്ള ശ്രമങ്ങളാകും താൻ പ്രധാനമന്ത്രിയായാൽ ആദ്യം മുതൽ ശ്രമിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. കർഷകരുടെയും തൊഴിലാളികളുടെയും ചെറുകിട കച്ചവടക്കാരുടെയും ക്ഷേമം ഉറപ്പാക്കുകയാണ് തന്റെ മറ്റൊരു ലക്ഷ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാരത് ജോഡോ യാത്രക്കിടെ ഒരു യൂ ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
താൻ രാഷ്ട്രീയത്തിൽ ഇറങ്ങാനുള്ള കാരണത്തെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. അച്ഛന്റെയും മുത്തശ്ശിയുടെയും മരണമാണ് രാഷ്ട്രീയത്തിലിറങ്ങാൻ പ്രേരണയായത്. താൻ ഇതുവരെ വിവാഹിതനാകാത്തതിന് പിന്നിലെ കാരണത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. താൻ വിവാഹത്തിന് എതിരല്ല. യോജിച്ച പങ്കാളിയെ കണ്ടെത്താത്തതുകൊണ്ടാണ് ഇതുവരെ വിവാഹം കഴിക്കാത്തത്. യോജിച്ച പങ്കാളിയെ കണ്ടെത്തിയാൽ വിവാഹം കഴിക്കുമെന്നുമെന്നും അദ്ദേഹം അറിയിച്ചു.

