കാബൂള്‍: ചൈനീസ് പൗരന്മാര്‍ കൂടുതലായി താമസിച്ചിരുന്ന കാബൂളിലെ ഹോട്ടലില്‍ അടുത്തിടെ ഐസിസ് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരിന് ചൈന ആധുനിക ആയുധങ്ങള്‍ നല്‍കുന്നതായി റിപ്പോര്‍ട്ട്. അനിശ്ചിതത്വവും അശാന്തിയും അഫ്ഗാനിസ്ഥാന്‍ ഭീകരരുടെ കേന്ദ്രമായി മാറ്റുമെന്നും അത് തങ്ങളുടെ സുരക്ഷയെ ബാധിക്കുമെന്നും ചൈന ആശങ്കപ്പെടുന്നുണ്ട്.
അതേസമയം, അഫ്ഗാനിസ്ഥാനില്‍ കൂടുതല്‍ ഭീകര ഗ്രൂപ്പുകള്‍ സാന്നിദ്ധ്യം ശക്തമാക്കിയാല്‍ അത് ചൈനയുടെ സിന്‍ജിയാങ്ങിനെയും, ചൈന-പാകിസ്ഥാന്‍ സാമ്ബത്തിക ഇടനാഴിയിലേയും ചൈനീസ് താല്‍പര്യങ്ങള്‍ക്ക് ഹാനികരമായേക്കും. ഇതിനെതിരെയാണ് ഭീകരതയെയും തീവ്രവാദത്തെയും ചെറുക്കുന്നതിനാവശ്യമായ പിന്തുണ താലിബാന് നല്‍കാന്‍ ചൈന ഒരുങ്ങുന്നത്.
എന്നാല്‍, അഫ്ഗാനിസ്ഥാനില്‍ ഇനിയും അമേരിക്കന്‍ സാന്നിദ്ധ്യമുണ്ടാവുന്നതും ചൈന ഇഷ്ടപ്പെടുന്നില്ല. അഫ്ഗാനിലെ പ്രകൃതി വിഭവങ്ങളിലടക്കം ചൈനയുടെ കണ്ണ് ഉണ്ട്. ചൈന ആളില്ലാ വിമാനങ്ങള്‍ താലിബാന് നല്‍കുന്നത് അഫ്ഗാന്‍ ഭരണകൂടത്തിന്റെ പോരാട്ട ശേഷി കൂടാനും കാരണമാവും.

