ന്യൂഡൽഹി: ഡൽഹി-മുംബൈ എക്സ്പ്രസ് വേ പദ്ധതിയുടെ ഏറ്റവും പുതിയ ചിത്രം പങ്കുവെച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഡൽഹി-മുംബൈ എക്സ്പ്രസ് വേയിലെ വഡോദര-വിരാർ ഹൈവേയുടെ ദൃശ്യങ്ങളാണ് കേന്ദ്ര മന്ത്രി ട്വിറ്ററിലൂടെ പങ്കുവെച്ചത്. ദൃശ്യങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി. ഡൽഹി-മുംബൈ എക്സ്പ്രസ് വേയുടെ വഡോദര-വിരാർ സെക്ഷനിൽ നിന്നുള്ള അതിമനോഹരമായ കാഴ്ചകൾ സമൃദ്ധമായ ഇന്ത്യയ്ക്കുള്ള ദൂരം പരിമിതപ്പെടുത്തുന്നുവെന്ന കുറിപ്പോടെയാണ് അദ്ദേഹം ദൃശ്യങ്ങൾ പങ്കിട്ടത്.
2024 ഓടെ ഡൽഹി മുംബൈ എക്സ്പ്രസ് വേ പ്രവർത്തനക്ഷമമാകുമെന്നാണ് നേരത്തെ കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്. 2023-24 സാമ്പത്തിക വർഷത്തോടെ ഹൈവേയുടെ ഭൂരിഭാഗം നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയാകുമെന്നും ധനമന്ത്രാലയം അറിയിച്ചിരുന്നു. 101,420 കോടി രൂപ ചെലവിലാണ് ഡൽഹി-മുംബൈ എക്സ്പ്രസ് വേ നിർമിക്കുന്നതെന്നാണ് ധനമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.
ഡൽഹി, മുംബൈ, ജയ്പൂർ, വഡോദര, ഗുരുഗ്രാം തുടങ്ങിയ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന പാതയാണിത്. ഇത് യാഥാർത്ഥ്യമാകുന്നതോടെ ഡൽഹിയും മുംബൈയും തമ്മിലുള്ള യാത്രാ സമയം വെറും 12 മണിക്കൂറായി കുറയ്ക്കാൻ കഴിയും. ജയ്പൂരിനും ഗുരുഗ്രാമിനുമിടയിലുള്ള യാത്രാ സമയം രണ്ട് മണിക്കൂറായി കുറയ്ക്കാനും പുതിയ പാത സഹായിക്കും. ലോകത്തിലെ ഏറ്റവും വലുതും വേഗതയേറിയതുമായ എക്സ്പ്രസ് വേകളിൽ ഒന്നായിരിക്കും ഡൽഹി-മുംബൈ അതിവേഗ പാത. 2018-ലാണ് പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാർ തുടക്കമിട്ടത്.

