ന്യൂഡൽഹി: വീണ്ടും കോവിഡ് വ്യാപനത്തിന്റെ ആശങ്കയിലാണ് രാജ്യം. മൂക്കിലൂടെ എടുക്കാവുന്ന നേസൽ കോവിഡ് വാക്‌സിൻ ഇന്ത്യയിൽ ലഭ്യമാകാൻ പോകുന്നുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. പ്രമുഖ മരുന്ന് നിർമ്മാതാക്കളായ ‘ഭാരത് ബയോട്ടെക്’ നിർമ്മിച്ചിട്ടുള്ള ഈ വാക്‌സിന് ‘iNCOVACC’ എന്നാണ് പേര് നൽകിയിട്ടുള്ളത്. ലോകത്തിൽ തന്നെ ആദ്യമായാണ് കോവിഡ് നേസൽ വാക്‌സിൻ നിർമ്മിക്കപ്പെടുന്നത്. ഡിസംബർ മാസം തങ്ങളുടെ നേസൽ കോവിഡ് വാക്‌സിനെ കുറിച്ച് കമ്പനി അറിയിച്ചിരുന്നു. ഷോട്ടിന് 325 രൂപ എന്ന നിരക്കിൽ സർക്കാർ തലത്തിലും 800 രൂപ എന്ന നിരക്കിൽ സ്വകാര്യമേഖലയിലും നേസൽ വാക്‌സിൻ വിതരണം ചെയ്യുമെന്നായിരുന്നു കമ്പനിയുടെ പ്രഖ്യാപനം.
രാജ്യത്ത് ആദ്യഘട്ടത്തിൽ പരിമിതമായ രീതിയിലേ നേസൽ കോവിഡ് വാക്‌സിൻ ഉപയോഗിക്കപ്പെടൂ എന്നാണ് നിലവിലുള്ള വിവരം. ഇതിന് മാത്രമാണ് സർക്കാർ കമ്പനിക്ക് അനുവാദം നൽകിയിട്ടുള്ളൂ എന്നാണ് സൂചന. അതേസമയം, നേസൽ കോവിഡ് വാക്‌സിൻ കോവിഡ് നിയന്ത്രിക്കുന്നതിന് വളരെയധികം പ്രയോജനപ്പെടുമെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.

