കല്‍പ്പറ്റ: വയനാട്ടിലെ കെന്‍സ വെല്‍നസ് സെന്റര്‍ നിക്ഷേപത്തട്ടിപ്പിലെ പ്രതിയും കെന്‍സ ഹോള്‍ഡിംഗ്സ് ചെയര്‍മാനുമായ ഷിഹാബ് ഷായ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. പ്രതിയുടെ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
ബാണാസുര സാഗര്‍ ഡാമിനു സമീപം പഞ്ചനക്ഷത്ര വില്ലകള്‍ പണിതു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പ്രവാസി നിക്ഷേപകരെ വഞ്ചിച്ചു എന്നാണ് ഷിഹാബ് ഷാക്കെതിരെയുള്ള പരാതി. പത്തുകോടിയലതികം രൂപ ഷിഹാബ് ഷാ തട്ടിയെടുത്തതായി കാണിച്ച് 12 നിക്ഷേപകരാണ് പൊലീസില്‍ പരാതി നല്‍കിയത്. കെട്ടിട നിര്‍മ്മാണത്തിനായി നിക്ഷേപകരുടെ പേരില്‍ വ്യാജരേഖകള്‍ ചമച്ചുവെന്ന പരാതിയില്‍ പടിഞ്ഞാറത്തറ പൊലീസ് നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസുകളിലെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതിയോട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ കോടതി അറിയിച്ചു. എന്നാല്‍ ഇത് അനുസരിക്കാത്തതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയത്.
അതേസമയം, കെന്‍സ ഹോള്‍ഡിംഗ്സിനെതിരായ കേസുകള്‍ പൊലീസ് അട്ടിമറിക്കുന്നു എന്ന നിക്ഷേപകരുടെ പരാതിയെ തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. വിദേശത്ത് ഒളിവില്‍ കഴിയുന്ന ഷിഹാബ് ഷായെ കേരളത്തിലെത്തിച്ച് അറസ്റ്റ് ചെയ്യാനാണ് നീക്കം.

