സ്വിഫ്റ്റിലേക്ക് 263 ഇലക്ട്രിക് ബസുകള്‍ കൂടി വാങ്ങാന്‍ കെ.എസ്.ആര്‍.ടി.സി തീരുമാനം

സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റിന് 263 ഇലക്ട്രിക് ബസുകള്‍ കൂടി വാങ്ങുന്നു. നിലവിലുള്ള 40 ഇ-ബസുകളുടെ പ്രവര്‍ത്തനം വിലയിരുത്തിയശേഷമാണ് പുതിയത് വാങ്ങാന്‍ തീരുമാനമായത്. സിറ്റി ബസുകള്‍ പൂര്‍ണമായും ഇലക്ട്രിക്കിലേക്ക് മാറ്റുകയാണ് ലക്ഷ്യം. എ.സി. ഇല്ലാത്ത ബസുകളാണ് വാങ്ങുന്നത്. എ.സി. ഒഴിവാക്കുന്നതിനാല്‍ കൂടുതല്‍ മൈലേജ് ലഭിക്കും.

അതേസമയം, ആദ്യബാച്ചിലെ പത്തുബസുകള്‍ കൂടി ഇറങ്ങാനുണ്ട്. രണ്ടാംബാച്ചിലെ 113 ബസുകള്‍ സിറ്റി ഉപയോഗത്തിന് പറ്റിയ (ഒമ്പതുമീറ്റര്‍) നീളം കുറഞ്ഞവയാണ്. തിരുവനന്തപുരം നഗരത്തിലാകും ഇവ വിന്യസിക്കുക. 12 മീറ്റര്‍ നീളമുള്ള 150 ബസുകള്‍ക്കും ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഇവ ജില്ലകളെ ബന്ധിപ്പിച്ച് ഓടിക്കാനാണ് സാധ്യത. ചാര്‍ജിംഗ് വെല്ലുവിളി ഉള്ളതിനാല്‍ ഫാസ്റ്റ് മുതല്‍ മുകളിലോട്ടുള്ള സൂപ്പര്‍ക്ലാസ് സര്‍വീസുകള്‍ക്ക് നിലവിലെ സാഹചര്യത്തില്‍ ഇ-ബസുകള്‍ അനുയോജ്യമല്ലെന്നാണ് നിഗമനം.

തിരുവനന്തപുരം നഗരത്തില്‍ വിനോദസഞ്ചാരത്തിന് ഉപയോഗിക്കുന്ന ഡബിള്‍ഡെക്കര്‍ ബസിനു പകരം, മേല്‍മൂടി നീക്കംചെയ്യാന്‍ കഴിയുന്ന ഇ-ഡബിള്‍ ഡെക്കര്‍ ബസ് വാങ്ങാനുള്ള നടപടികളും പുരോഗമിക്കുകയാണ്.