സ്മാര്‍ട്ട്‌ഫോണുകളുടെ വില വര്‍ദ്ധിക്കാന്‍ സാധ്യത; ഗൂഗിളിന്റെ മുന്നറിയിപ്പ്‌

ഇന്ത്യയില്‍ സ്മാര്‍ട്ട്‌ഫോണുകളുടെ വില വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന് ഗൂഗിള്‍ മുന്നറിയിപ്പ്. 2022- ല്‍ വ്യത്യസ്ഥ ഓര്‍ഡറുകളിലൂടെ സിസിഐ ഗൂഗിളിന് പിഴ ചുമത്തിയിരുന്നു. ആന്‍ഡ്രോയിഡ് മൊബൈല്‍ ഡിവൈസ് ഇക്കോ സിസ്റ്റത്തിലെ ആധിപത്യ സ്ഥാനം ദുരുപയോഗം ചെയ്തതിന് 1,337 കോടി രൂപയാണ് പിഴ ചുമത്തിയത്. ഇതിനുപുറമേ, പ്ലേ സ്റ്റോര്‍ വഴി കുത്തക ദുരുപയോഗം ചെയ്തതിന് 936 കോടി രൂപയും പിഴ ചുമത്തിയിട്ടുണ്ട്.

സിസിഐയുടെ പുതിയ വിധിക്കെതിരെ ഗൂഗിള്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഗൂഗിള്‍ ആപ്പുകള്‍ പ്രീ- ഇന്‍സ്റ്റാള്‍ ചെയ്യാനായി സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളുമായി ഗൂഗിള്‍ കൈകോര്‍ക്കുന്നുണ്ടെന്ന ആരോപണം ഇതിനോടകം തന്നെ ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് നിരവധി തവണ സിസിഐ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും, പിന്നീട് പിഴ ചുമത്തുകയായിരുന്നു. സിസിഐ കര്‍ശന നിലപാട് തുടര്‍ന്നാല്‍ രാജ്യത്ത് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളുടെ വളര്‍ച്ചയെ സാരമായി ബാധിക്കുമെന്നാണ് ഗൂഗിളിന്റെ വാദം.