സർക്കാരുമായി ആലോചിച്ചാണ് ടിക്കറ്റ് നികുതി നിരക്ക് വർദ്ധിപ്പിച്ചത്; വിവാദങ്ങളുടെ കാര്യമില്ലെന്ന് മേയർ

തിരുവനന്തപുരം: കാര്യവട്ടം ഏകദിനത്തിന്റെ ടിക്കറ്റ് വിനോദ നികുതി വർദ്ധിപ്പിച്ചതിൽ ന്യായീകരണവുമായി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. സർക്കാരുമായി ആലോചിച്ചാണ് ടിക്കറ്റ് നികുതി നിരക്ക് വർദ്ധിപ്പിച്ചതെന്ന് മേയർ വ്യക്തമാക്കി. മത്സരത്തിന്റെ സ്വഭാവം അനുസരിച്ചാണ് നികുതി നിശ്ചയിക്കുന്നത്. നഗരസഭയ്ക്ക് ലഭിക്കുന്ന വരുമാനം ജനങ്ങൾക്ക് നൽകാനുള്ളതാണെന്നും ഇതിൽ വിവാദങ്ങളുടെ കാര്യമില്ലെന്നും മേയർ അറിയിച്ചു.

വിവാദങ്ങൾ കാരണമല്ല കാണികൾ കുറഞ്ഞത്. ഇന്ത്യ പരമ്പര നേരത്തെ സ്വന്തമാക്കിയതും 50 ഓവർ ഫോർമാറ്റിലുള്ള മത്സരവുമായതുകൊണ്ടാണ് കാണികളുടെ എണ്ണം കുറഞ്ഞതെന്നാണ് മേയർ വ്യക്തമാക്കുന്നത്. അതേസമയം, നിരക്ക് വർധനവും ഇത് സംബന്ധിച്ച് നടന്ന വിവാദങ്ങളും വിൽപനയിൽ പ്രതിഫലിച്ചുവെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

പട്ടിണികിടക്കുന്നവർ കളി കാണാൻ പോകേണ്ടെന്നായിരുന്നു വിനോദ നികുതി അഞ്ച് ശതമാനത്തിൽ നിന്ന് 12 ശതമാനമാക്കി ഉയർത്തിയതിനെ കുറിച്ചുള്ള കായികമന്ത്രി വി. അബ്ദുറഹ്മാന്റെ പ്രതികരണം.