തിരുവനന്തപുരം: കാര്യവട്ടത്തെ മത്സരം ഒഴിവാക്കിയവർ കാണിച്ചത് വിവരക്കേടാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. കളി കാണാത്തവർക്ക് വലിയ നഷ്ടമാണുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. കായിക മന്ത്രിക്കും കേരള ക്രിക്കറ്റ് അസോസിയേഷനും കാണികളുടെ പങ്കാളിത്തവുമായി ഒരു ബന്ധവുമില്ല. കാണികൾ കുറഞ്ഞാൽ ഇനി മുതൽ ബിസിസിഐ തിരുവനന്തപുരത്തേക്ക് മത്സരങ്ങൾ അനുവദിക്കേണ്ടെന്ന നിലപാടല്ലേ കൈക്കൊള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മന്ത്രിയെന്ത് പറഞ്ഞാലും ക്രിക്കറ്റ് പ്രേമികൾ മത്സരം കാണാനെത്തണമായിരുന്നു. ഈ നഷ്ടം ശരിക്കും മന്ത്രിക്കല്ലെന്ന് മനസിലാക്കണം. ക്രിക്കറ്റ് പ്രേമികൾക്ക് മാത്രമാണ് നഷ്ടം സംഭവിച്ചിട്ടുള്ളതെന്നും ശശി തരൂർ കൂട്ടിച്ചേർത്തു. അതേസമയം, ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്നപ്പോൾ കാണികൾ കുറവായതിനെപ്പറ്റി ട്വീറ്റ് ചെയ്ത് മുൻ ക്രിക്കറ്റ് താരം യുവരാജ് സിംഗും രംഗത്തെത്തിയിട്ടുണ്ട്. മത്സരത്തിൽ സെഞ്ചുറി നേടിയ വിരാട് കോലിയെയും ശുഗ്മാൻ ഗില്ലിനെയും അഭിനന്ദിച്ചു കൊണ്ടുള്ള ട്വീറ്റിലാണ് യുവരാജ് സിംഗ് കാണികൾ കുറഞ്ഞതിനെ കുറിച്ച് വ്യക്തമാക്കിയത്. പകുതി ഒഴിഞ്ഞ ഗ്രീൻഫീൽഡ് സ്റ്റേഡിയം, ഏകദിന ക്രിക്കറ്റ് മരിക്കുകയാണോയെന്ന് യുവരാജ് സിംഗ് ചോദിച്ചു.

