ലോകത്തെ അതിസമ്പന്നരുടെ പട്ടിക; ഇലോൺ മസ്‌കിനെ ഗൗതം അദാനി മറികടന്നേക്കുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ ഗൗതം അദാനി രണ്ടാം സ്ഥാനത്തെത്തുമെന്ന് റിപ്പോർട്ടുകൾ. ടെസ്ല സ്ഥാപകൻ ഇലോൺ മസ്‌കിനെ മറികടന്ന് ഗൗതം അദാനി രണ്ടാം സ്ഥാനത്തെത്തുമെന്നാണ് പുറത്തു വരുന്ന വിവരം. അഞ്ചാഴ്ചയ്ക്കുള്ളിൽ മസ്‌കിനെ മറികടന്ന് ഗൗതം അദാനി സമ്പന്നപ്പട്ടികയിൽ രണ്ടാമതെത്തുമെന്ന് ഫിനാൻഷ്യൽ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

119 ബില്യൺ ഡോളർ അഥവാ 9,68,500 കോടി രൂപയാണ് ബ്ലൂംബർഗിന്റെ ബില്യണയർ ഇൻഡക്‌സ് അനുസരിച്ച് അദാനിയുടെ നിലവിലെ ആസ്തി. 132 ബില്യൺ ഡോളർ അഥവാ 1,07,4200 കോടി രൂപയാണ് മസ്‌കിന്റെ ആസ്തി. കഴിഞ്ഞ കുറച്ചുമാസങ്ങളായി ഓഹരി വിപണിയിൽ ടെസ്ലയ്ക്ക് വൻ ഇടിവ് രേഖപ്പെടുത്തുന്നുണ്ട്. ട്വിറ്റർ ഏറ്റെടുത്ത ശേഷമാണ് ഇടിവ് രേഖപ്പെടുത്താൻ തുടങ്ങിയത്. 197 ബില്യൺ ഡോളറാണ് ഒരു വർഷത്തിനിടെ മസ്‌കിന് നഷ്ടമായത്. അതേസമയം, ഗൗതം അദാനിയുടെ ആസ്തി ഒരു വർഷത്തിനിടയിൽ 43 ബില്യൺ ഡോളർ വർദ്ധിക്കുകയും ചെയ്തു.

കോടീശ്വരൻമാരുടെ പട്ടികയിൽ ആദ്യം ഒന്നാം സ്ഥാനത്തായിരുന്നു ഇലോൺ മസ്‌ക്. കഴിഞ്ഞ ഡിസംബർ 13നാണ് പട്ടികയിലെ ഒന്നാംസ്ഥാനം മസ്‌കിന് നഷ്ടമായത്. ഫ്രാൻസിലെ ആഡംബര ഉത്പന്ന വ്യവസായി ബെർണാഡ് അർനോൾഡാണ് നിലവിൽ ഒന്നാംസ്ഥാനത്തുള്ളത്.