തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം ഉയരും. വെള്ളക്കരം വർദ്ധിപ്പിക്കാനുള്ള ശുപാർശ എൽഡിഎഫ് യോഗം അംഗീകരിച്ചു. എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ വാർത്താ സമ്മേളനത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഒരു ലിറ്ററിന് ഒരു പൈസ നിരക്കിലാണ് വെള്ളക്കരം ഉയർത്തുന്നത്. വർദ്ധനയിൽ നിന്ന് ബി.പി.എൽ കുടുംബങ്ങളെ ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു.
2391 കോടി രൂപയുടെ നഷ്ടമാണ് ജല അതോറിട്ടിയ്ക്കുള്ളത്. നിലവിൽ ജീവനക്കാർക്ക് ശമ്പളം പോലും നൽകാൻ കഴിയാതെ ബുദ്ധിമുട്ടുകയാണെന്നും ജല അതോറിട്ടിയുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ വെള്ളക്കരം കൂട്ടണമെന്ന ശുപാർശ അംഗീകരിക്കുകയായിരുന്നുവെന്നും എൽഡിഎഫ് കൺവീനർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
സംസ്ഥാനത്ത് വെള്ളക്കരം ഉയർത്തണമെന്നാവശ്യപ്പെട്ട് ജലവിഭവ വകുപ്പ് സർക്കാരിനെ സമീപിച്ചിരുന്നു. ഇടതു മുന്നണിയിൽ ചർച്ച ചെയ്ത ശേഷം തീരുമാനമെടുക്കാനായിരുന്നു സർക്കാരിന്റെ തീരുമാനം.

