ആശ്രിത നിയമനം ഒരു വർഷത്തിനകം ജോലി ലഭിക്കാൻ യോഗ്യതയുള്ളവർക്ക് മാത്രമാക്കാനുള്ള നീക്കം അംഗീകരിക്കില്ല; എതിർപ്പുമായി സർവ്വീസ് സംഘടനകൾ

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ആശ്രിത നിയമനം നിയന്ത്രിക്കുന്ന വിഷയത്തിൽ എതിർപ്പുമായി സർവ്വീസ് സംഘടനകൾ. ഇടത് സംഘടനകൾ ഉൾപ്പെടെയാണ് എതിർപ്പുമായി രംഗത്തെത്തിയിട്ടുള്ളത്. സർവീസ് സംഘടനകളുമായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് സംഘടനകൾ നിലപാട് വ്യക്തമാക്കിയത്. ആശ്രിത നിയമനം ഒരു വർഷത്തിനകം ജോലി ലഭിക്കാൻ യോഗ്യതയുള്ളവർക്ക് മാത്രമാക്കാനുള്ള നീക്കത്തെ അംഗീകരിക്കാൻ സർവ്വീസ് സംഘടനകൾ തയ്യാറായില്ല.

ജോലി ലഭിക്കാത്തവർക്ക് 10 ലക്ഷം രൂപയല്ല നിയമനം തന്നെ നൽകണമെന്നാണ് സംഘടനകൾ വ്യക്തമാക്കുന്നത്. ആയിരത്തോളം അപേക്ഷകൾ മാത്രമാണ് നിലവിൽ ആശ്രിത നിയമനം തേടി ഉള്ളത്. ഇവർക്ക് എല്ലാം നിയമനം നൽകിയാലും ഹൈക്കോടതി പറഞ്ഞ അഞ്ച് ശതമാനം പരിധി കടക്കില്ലെന്നും സംഘടനകൾ വ്യക്തമാക്കി. ജീവനക്കാരൻ മരിച്ചാൽ ഒരു വർഷത്തിനകം ജോലി കിട്ടാൻ അർഹതയുള്ളവർക്ക് മാത്രമായി നിയമനം പരിമിതപ്പെടുത്തുന്നതാണ് സർക്കാരിന്റെ പരിഗണനയിലുള്ളത്. അതാത് വകുപ്പുകളിൽ ഒഴിവ് വരുന്ന തസ്തികകളിൽ അഞ്ച് ശതമാനത്തിൽ താഴെ മാത്രമെ ആശ്രിത നിയമനം നടത്താവൂവെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം.

അതേസമയം, സർക്കാർ ജീവനക്കാർക്ക് നാലാം ശനിയാഴ്ച അവധിയാക്കുന്നതിനെയും സർവീസ് സംഘടനകൾ എതിർത്തു. നാലാം ശനിയാഴ്ച അവധിയാക്കിയാൽ വർഷം 12 അധിക അവധികൾ ലഭിക്കും.ഇതിന് പകരം 20 കാഷ്വൽ ലീവുകൾ 15 ആക്കി കുറക്കും. പ്രവൃത്തിസമയം അര മണിക്കൂർ കൂട്ടും. ഇതായിരുന്നു സർക്കാർ മുന്നോട്ട് വച്ച നിർദ്ദേശം. എന്നാൽ നാലാം ശനി ഉപാധികളോടെ അവധിയാക്കുന്നത് അംഗീകരിക്കില്ലെന്ന് സംഘടനകൾ വ്യക്തമാക്കി.