കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ഏകദിന മത്സരവുമായി ബന്ധപ്പെട്ട ടിക്കറ്റ് വിവാദത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷനോട് ബിസിസിഐ വിശദീകരണം തേടി. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ബിസിസിഐ വിശദീകരണം തേടിയത്. എന്നാല്‍, അനാവശ്യ വിവാദമാണ് നടക്കുന്നതെന്ന് കെസിഎ ചൂണ്ടിക്കാട്ടി.
അതേസമയം, പണമില്ലാത്തവര്‍ സ്റ്റേഡിയത്തിലെത്തി ക്രിക്കറ്റ് മത്സരം കാണേണ്ട എന്ന വിവാദ പ്രസ്താവനയില്‍ വിശദീകരണവുമായി കായികമന്ത്രി വി. അബ്ദുറഹിമാന് രംഗത്തെത്തി. തെറ്റിദ്ധാരണയാണ് ഇതെന്നും അത് മാറ്റട്ടെ എന്നും അദ്ദേഹം വ്യക്തമാക്കി. കെസിഎ ഇതില്‍ നിന്ന് വലിയ ലാഭമുണ്ടാക്കുന്നുണ്ടെന്നും കായികവികസനത്തിനു വേണ്ടി അവര്‍ ഒന്നും ചെയ്യുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.
മത്സരത്തിനുള്ള ടിക്കറ്റും നിരക്കും വിനോദനികുതിയും വളരെ കൂടുതലാണെന്നത് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. ഈ മാസം 15നാണ് ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ തിരുവനന്തപുരം കാര്യവട്ടത്ത് ഏറ്റുമുട്ടുക.

