ലഹരിക്കടത്ത്; ഷാനവാസിന് പങ്കുള്ളതായി പാര്‍ട്ടിക്ക് മുമ്ബില്‍ തെളിവില്ലെന്ന് മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: ആലപ്പുഴയിലെ പാര്‍ട്ടി നേതാവ് എ ഷാനവാസിന് കരുനാഗപ്പള്ളി ലഹരിക്കടത്തില്‍ പങ്കുള്ളതായി നിലവില്‍ പാര്‍ട്ടിക്ക് മുമ്ബില്‍ തെളിവില്ലെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ‘തെറ്റായ രീതിയില്‍ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ നീങ്ങിയാല്‍ പരിശോധിക്കും. വസ്തുത ഉണ്ടോയെന്ന് പരിശോധിക്കും. ആലപ്പുഴയിലെ കാര്യം അന്വേഷിക്കും. ഞങ്ങളെ സംബന്ധിച്ച് ഷാനവാസിനെതിരെ തെളിവില്ല. പക്ഷെ വേണ്ടത്ര ജാഗ്രത പാലിച്ചില്ല. സി പി എം പ്രവര്‍ത്തകര്‍ പ്രതിയാകുമ്‌ബോള്‍ വാര്‍ത്തയാക്കുന്ന മാധ്യമങ്ങള്‍ മറ്റ് പാര്‍ട്ടി പ്രവര്‍ത്തകരുടെ കാര്യത്തില്‍ ഇത് കാണിക്കുന്നില്ല. വാഹനം വാടകക്കു കൊടുത്തിന്റെ തെളിവ് ഷാനവാസ് മാധ്യമങ്ങള്‍ക്കു മുന്നില്‍ കാണിച്ചിട്ടണ്ട്’ മന്ത്രി വ്യക്തമാക്കി.

വാഹനപരിശോധനക്കിടെ കരുനാഗപ്പള്ളിയില്‍ ഒരു കോടി രൂപയുടെ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടിച്ച കേസില്‍ ബ്രാഞ്ച് കമ്മിറ്റി അംഗത്തെ പുറത്താക്കാനും ഏരിയ കമ്മിറ്റി അംഗത്തെ സസ്പെന്‍ഡ് ചെയ്യാനും സിപിഎം നേതൃത്വം തീരുമാനിച്ചിരുന്നു. ആലപ്പുഴ നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനും ഏരിയ കമ്മിറ്റി അംഗവുമായ എ. ഷാനവാസിനെ സസ്പെന്‍ഡ് ചെയ്യാനായിരുന്നു പാര്‍ട്ടി നേതൃത്വം തീരുമാനിച്ചത്. ആലപ്പുഴ സീവ്യൂ ബ്രാഞ്ച് അംഗം ഇജാസ് ഇക്ബാലിനെയാണ് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത്. ഏരിയ നേതൃത്വം അടിയന്തിര യോഗം ചേര്‍ന്ന് തിങ്കളാഴ്ച വിഷയം ചര്‍ച്ച ചെയ്തെങ്കിലും വാഹനം വാടകക്ക് നല്‍കിയതെന്ന വിശദീകരണമാണ് ഷാനവാസ് നല്‍കിയത്. എന്നാല്‍, ഷാനവാസിനെതിരായ പരാതി അന്വേഷിക്കാന്‍ ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ ജി. ഹരിശങ്കര്‍, ജി. വേണുഗോപാല്‍, ബാബുജാന്‍ എന്നിവരടങ്ങിയ അന്വേഷണക്കമീഷനെ നിയോഗിച്ചതായും ജില്ല സെക്രട്ടറി ആര്‍. നാസര്‍ അറിയിച്ചിരുന്നു. വാഹനം വാങ്ങിയത് പാര്‍ട്ടിയില്‍ അറിയിച്ചില്ലെന്നും വാഹനം വാടകക്ക് കൊടുത്തപ്പോള്‍ ജാഗ്രത പുലര്‍ത്തിയില്ലെന്നും പാര്‍ട്ടി വിലയിരുത്തിയതായി ജില്ല സെക്രട്ടറി പറഞ്ഞു.

അതേസമയം, എ ഷാനവാസിനെ പുറത്താക്കണമെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറിയുടെ നിലപാട് സെക്രട്ടറിയേറ്റില്‍ തള്ളി. ഷാനവാസിന്റെ സാമ്ബത്തിക ഇടപാടുകള്‍ അന്വേഷണഷിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേതാക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റില്‍ പരാതി നല്‍കി. പ്രതിച്ചേര്‍ക്കാത്ത പശ്ചാത്തലത്തില്‍ പുറത്താക്കാന്‍ പറ്റില്ലെന്ന് ഭൂരിപക്ഷ അംഗങ്ങളും നിലപാട് സ്വീകരിച്ചതോടെ ജില്ല സെക്രട്ടറിയുടെ ആവശ്യം തള്ളുകയായിരുന്നു.