സ്വദേശികൾ വ്യാപകമായി പൗരത്വം ഉപേക്ഷിക്കുന്നു; കേന്ദ്രസർക്കാർ മറുപടി പറയണമെന്ന് കോൺഗ്രസ്

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ്. ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് പോകുന്നവരുടെ കണക്കുകൾ അവതരിപ്പിച്ചാണ് കോൺഗ്രസ് കേന്ദ്രസർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്.

സ്വദേശികൾ വ്യാപകമായി പൗരത്വം ഉപേക്ഷിക്കുന്നതിൽ കഴിഞ്ഞ പത്ത് വർഷത്തിനകം ഉണ്ടായ വർദ്ധനയ്ക്ക് കേന്ദ്രസർക്കാർ മറുപടി പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. വിദേശകാര്യമന്ത്രാലയത്തിന്റേത് എന്ന് അവകാശപ്പെടുന്ന രേഖകൾ അവതരിപ്പിച്ചായിരുന്നു കോൺഗ്രസ് ഇക്കാര്യം വ്യക്തമാക്കിയത്. കോൺഗ്രസ് വക്താവ് ഗൗരവ് വല്ലഭാണ് കേന്ദ്പര സർക്കാരിനെതിരെ രംഗത്തെത്തിയത്.

യുപിഎ ഭരണകാലത്തെ അപേക്ഷിച്ച് പൗരത്വം ഉപേക്ഷിക്കുന്നവരിൽ വലിയ തോതിലുള്ള വർദ്ധനയാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. രണ്ടിരട്ടിയോളം വർദ്ധനയാണ് 2014-നെ അപേക്ഷിച്ച് പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ ഉണ്ടായത്. 1.83 ലക്ഷം പേരാണ് കഴിഞ്ഞ വർഷത്തിലെ ആദ്യ പത്ത് മാസത്തിനിടയിൽ തന്നെ പൗരത്വം ഉപേക്ഷിച്ചത്. കൃത്യമായി പറഞ്ഞാൽ ഒരു ലക്ഷത്തി എൺപത്തി മൂവായിരത്തി എഴുനൂറ്റി നാൽപത്തിയൊന്ന് പേർ. പ്രതിദിനം 604 പേർ രാജ്യം വിടുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാർ ഔദ്യോഗികമായി തന്നെ വിഷയത്തിൽ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.