‘മാളികപ്പുറം’: 9 ദിവസം കൊണ്ട് നേടിയത് 10 കോടി

കൊച്ചി: ജന്മപുണ്യമെന്നും, കുടുംബവുമൊത്ത് കാണാന്‍ കഴിയുന്ന നിഷ്‌കളങ്ക ചിത്രം എന്നുമാണ് ഉണ്ണി മുകുന്ദന്റെ മാളികപ്പുറം എന്ന ചിത്രത്തെ പ്രേക്ഷകര്‍ വിശേഷിപ്പിക്കുന്നത്. ബോക്‌സോഫീസില്‍ മികച്ച പ്രതികരണമാണ് മാളികപ്പുറം നേടുന്നത്. വമ്ബന്‍ കളക്ഷനാണ് കഴിഞ്ഞ 10 ദിവസമായി ചിത്രത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. കുടുംബ പ്രേക്ഷകര്‍ക്കാണ് ചിത്രം ഏറ്റവുമധികം ഇഷ്ടപ്പെട്ടതെന്ന് പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാണ്.

അതേസമയം, കേരള ബോക്‌സോഫീസ് ട്വിറ്ററില്‍ പുറത്ത് വിട്ട ഏറ്റവും പുതിയ കണക്ക് പ്രകാരം കേരളത്തില്‍ നിന്നും 9 ദിവസത്തെ കളക്ഷന്‍ മാത്രം 8.1 കോടിയാണ്. വേള്‍ഡ് വൈഡ് കളക്ഷനാകട്ടെ 10 കോടി കവിഞ്ഞു. ചിത്രത്തിന്റെ ആദ്യ മൂന്ന് ദിവസത്തെ കേരളത്തിലെ കളക്ഷന്‍ 2.62 കോടിയാണ്. മികച്ച തിയറ്റര്‍ കൗണ്ടോടെ രണ്ടാം വാരത്തിലേക്ക് കടന്ന മാളികപ്പുറത്തിന് യുഎഇ, ജിസിസി മേഖലകളിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ജനുവരി 5 ന് ആയിരുന്നു മാളികപ്പുറത്തിന്റെ ജിസിസി, യുഎഇ റിലീസ്. കേരളത്തിലെ പോലെ തന്നെ മികച്ച പ്രതികരണമാണ് പ്രവാസി ലോകത്തും മാളികപ്പുറത്തിന് ലഭിക്കുന്നത്. കൂടാതെ മികച്ച ടിക്കറ്റ് ബുക്കിങ്ങും ഉണ്ട്. ഉണ്ണി മുകുന്ദന്‍ സാക്ഷാല്‍ അയ്യപ്പ ഭാവം നിറഞ്ഞാടിയ നിമിഷങ്ങളാണ് ചിത്രത്തിലേത് എന്നും മനോഹരമായ കഥയെന്നും ഇവര്‍ പറയുന്നു.