ജനാധിപത്യത്തെ എല്ലാവരും ബഹുമാനിക്കണം; ബ്രസീലിലെ അക്രമങ്ങളെ അപലപിച്ച് നരേന്ദ്രമോദി

ന്യൂഡല്‍ഹി: ബ്രസീലില്‍ മുന്‍ പ്രസിഡന്റ് ബോല്‍സനാരോയെ പിന്തുണക്കുന്നവര്‍ നടത്തുന്ന അക്രമങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. ‘അക്രമ സംഭവങ്ങള്‍ ആശങ്കജനകമാണ്. ജനാധിപത്യത്തെ എല്ലാവരും ബഹുമാനിക്കേണ്ടതുണ്ട്. സര്‍ക്കാരിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നു’- മോദി വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാന്‍ തയ്യാറാകാതെ ബോള്‍സനാരോ അനുയായികള്‍ തന്ത്ര പ്രധാന മേഖലകളിലേക്ക് ഇരച്ചു കയറുകയും ബ്രസീല്‍ പാര്‍ലമെന്റ് മന്ദിരത്തിലെ ജനാലച്ചില്ലുകളും ഫര്‍ണിച്ചറുകളും അടിച്ചു തകര്‍ക്കുകയും ചെയ്തു. 3000ത്തോളം വരുന്ന കലാപകാരികളാണ് ആക്രമണം നടത്തിയത്. രാജ്യത്തെ സുപ്രീംകോടതി കെട്ടിടത്തില്‍ അതിക്രമിച്ച് കടന്ന് അവര്‍ രേഖകള്‍ നശിപ്പിച്ചു. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലും അക്രമകാരികള്‍ എത്തി. തലസ്ഥാന നഗരത്തിന്റെ തെരുവില്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ ആക്രമിക്കപ്പെട്ടു. പൊലീസുകാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും കലാപകാരികള്‍ ആക്രമിച്ചു.

അതേസമയം, ഔദ്യോഗിക സന്ദര്‍ശനത്തിലായിരുന്ന പ്രസിഡന്റ് ലുലാ ഡ സില്‍വ മുതിര്‍ന്ന മന്ത്രിമാരുമായും സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായും കൂടിക്കാഴ്ച നടത്തി. അക്രമകാരികള്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും കനത്ത ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. എന്നാല്‍, അക്രമത്തില്‍ പങ്കില്ലെന്നും അപലപിക്കുന്നുവെന്നുമാണ് അമേരിക്കയിലെ ഫ്‌ലോറിഡയിലേക്ക് കടന്ന മുന്‍ പ്രസിഡന്റ് ബോള്‍സനാരോയുടെ പ്രതികരണം. ജനാധിപത്യ കേന്ദ്രങ്ങള്‍ക്ക് നേരെ നടന്ന ആക്രമണത്തെ അപലപിച്ച് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും രംഗത്തെത്തി. എല്ലാ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും ലുല ഡ സില്‍വയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.