ഇന്ത്യയിലെ രണ്ടോ മൂന്നോ സമ്പന്നരുടെ കൈയ്യില്‍ പണം കുമിഞ്ഞ് കൂടുന്നതാണ് തൊഴിലില്ലായ്മക്ക് കാരണം: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: തൊഴിലില്ലായ്മക്ക് കാരണം രാജ്യത്തെ കുറച്ച് സമ്പന്നരാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

‘രണ്ടോ മൂന്നോ സമ്പന്നരുടെ കൈയ്യില്‍ പണം കുമിഞ്ഞ് കൂടുന്നതാണ് ഇന്ത്യയിലെ തൊഴിലില്ലായ്മക്ക് കാരണം. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന മാധ്യമങ്ങളുടെ ചോദ്യം ഭാരത് ജോഡോ യാത്ര വഴിതെറ്റിക്കാന്‍ ആണ്. തെക്കന്‍ സംസ്ഥാനങ്ങളെക്കാള്‍ കൂടുതല്‍ മികച്ച പ്രതികരണമാണ് വടക്കേ ഇന്ത്യയില്‍ നിന്ന് ഭാരത് ജോഡോ യാത്രക്ക് ലഭിക്കുന്നത്. മാധ്യമങ്ങള്‍ കാണുന്ന രാഹുല്‍ അല്ല ഞാന്‍. ബിജെപി കാണുന്ന രാഹുലും അല്ല. ഞാന്‍ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലാക്കണമെങ്കില്‍ ഹിന്ദു ധര്‍മ്മം പഠിക്കണം. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ സ്വാമി നാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് പരിഗണിക്കും. റിപ്പോര്‍ട്ട് വെറുതെ നടപ്പാക്കുമെന്ന് പറയാനില്ല. കമ്മീഷന്‍ നിര്‍ദേശങ്ങളുടെ സാമ്പത്തിക വശം അടക്കം പരിഗണിച്ച് നടപ്പാക്കുന്നത് ഗൗരവമായി ആലോചിക്കും’- രാഹുല്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

അതേസമയം, ഭാരത് ജോഡോ യാത്ര രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടാനല്ലെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് പറഞ്ഞിരുന്നു. യാത്ര ഒരു വ്യക്തിക്ക് വേണ്ടിയല്ല. മറിച്ച് ഒരാശയമാണ്. രാഹുല്‍ യാത്രയുടെ പ്രധാനമുഖമാണെന്ന് മാത്രമേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.