ഭരണകക്ഷി നേതാക്കള്‍ പച്ചയായ വിഭാഗീയതയുണ്ടാക്കി കലോത്സവത്തിന്റെ നിറംകെടുത്തി: കെ. സുരേന്ദ്രന്‍

ആലപ്പുഴ: കോഴിക്കോട് നടന്ന 61)മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഭക്ഷണത്തില്‍ പോലും വര്‍ഗീയ വിഷം കലര്‍ത്താന്‍ ചിലര്‍ ശ്രമിച്ചതുകൊണ്ടാണ് പഴയിടം മോഹനന്‍ നമ്പൂതിരിക്ക് ഇനി കലോത്സവത്തിന് ഭക്ഷണമൊരുക്കില്ലെന്ന പ്രഖ്യാപനം നടത്തേണ്ടി വന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു.

കെ. സുരേന്ദ്രന്റെ വാക്കുകള്‍

സിപിഎം നേതാക്കള്‍ തന്നെയാണ് ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ഭക്ഷണ വിവാദമുണ്ടാക്കിയത്. ഭരണകക്ഷി നേതാക്കള്‍ പച്ചയായ വിഭാഗീയതയുണ്ടാക്കി കലോത്സവത്തിന്റെ നിറംകെടുത്തി. ഭക്ഷണത്തിന്റെ പേരില്‍ പോലും വര്‍ഗീയത ഇളക്കിവിടുന്ന പ്രചരണമാണ് സിപിഎം നേതാക്കളും സഹയാത്രികരും നടത്തിയത്. പച്ചക്കറി ഏതെങ്കിലും മതത്തിന്റേതല്ലെന്ന് ഇവര്‍ മനസ്സിലാക്കണം. പഴയിടത്തിനെ ഇടതുപക്ഷക്കാര്‍ ജാതീയമായി അവഹേളിച്ചതിനെ വിദ്യാഭ്യാസ മന്ത്രി പോലും ശരിവച്ചു. സംസ്ഥാനത്ത് ഹോട്ടല്‍ ഭക്ഷണം കഴിച്ച് ആളുകള്‍ മരിക്കുകയാണ്. ഇതൊന്നും പരിശോധിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. ഭക്ഷ്യസുരക്ഷ ഒരുക്കുന്നതിന് ഒരു മുന്‍കരുതലുമെടുക്കാത്ത സര്‍ക്കാരാണ് കലോത്സവത്തില്‍ നോണ്‍വെജ് വിളമ്പണമെന്ന അനാവശ്യ വിവാദമുണ്ടാക്കുന്നത്. സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗതഗാനത്തില്‍ ഒരു വര്‍ഗീയതയുമില്ല. സ്വാഗതഗാനം ഒരു മതത്തിനെതിരാണെന്ന് പറഞ്ഞ് മന്ത്രി മുഹമ്മദ് റിയാസ് ലക്ഷ്യമിടുന്നത് വര്‍ഗീയ ധ്രുവീകരണമാണ്. സംഘാടക സമിതി മുഹമ്മദ് റിയാസിന്റെ പാര്‍ട്ടിക്കാരായിരുന്നല്ലോ. വര്‍ഗീയതയുണ്ടെങ്കില്‍ എന്തുകൊണ്ട് അത് അപ്പോള്‍ തടഞ്ഞില്ല. കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ സ്വപ്നം കാണുന്നവര്‍ വര്‍ഗീയത അവസരമാക്കുകയാണ്. ഇടതുമുന്നണിക്ക് അടുത്തത് ഒരു മുസ്ലിം മുഖ്യമന്ത്രി വേണമെന്ന നിലപാടാണ്. മുസ്ലിം ലീഗിന്റെ മെഗാഫോണാണ് റിയാസ്. ബിജെപിയുടെ ബഹുജന പിന്തുണയ്ക്ക് തുരങ്കം വയ്ക്കാനാണ് ചില മാധ്യമങ്ങള്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് പാര്‍ട്ടി വിരുദ്ധ വാര്‍ത്തകള്‍ വരുന്നത്. പാര്‍ട്ടിയെ ആര് നയിക്കണമെന്ന് തീരുമാനിക്കുന്നത് കേന്ദ്ര നേതൃത്വമാണ്. ബിജെപി ഒരു വ്യക്തി അധിഷ്ഠിത പാര്‍ട്ടി അല്ല. ഞാന്‍ പാര്‍ട്ടിയുടെ ഒരു എളിയ പ്രവര്‍ത്തകന്‍ മാത്രമാണ്.