നേമത്ത് മുസ്ലീംലീഗ് അംഗത്വ പട്ടികയില്‍ ഷാരൂഖും, മമ്മൂട്ടിയും, ആസിഫും, മിയ ഖലീഫയും

തിരുവനന്തപുരം: നേമത്ത് മുസ്ലീംലീഗ് അംഗത്വ പട്ടികയില്‍ ഇടം നേടി ഷാരൂഖ് ഖാനും മമ്മൂട്ടിയും ആസിഫ് അലിയും മിയ ഖലീഫയും. കളിപ്പാന്‍കുളം വാര്‍ഡിലെ മുസ്ലീംലീഗ് അംഗത്വ പട്ടികയിലാണ് ഈ പിഴവ് സംഭവിച്ചത്.

വീടുകള്‍ സന്ദര്‍ശിച്ച് പാര്‍ട്ടി അംഗത്വം വിതരണം ചെയ്യാനായിരുന്നു ലീഗ് നേതൃത്വത്തിന്റെ നിര്‍ദ്ദേശം. അംഗത്വം എടുക്കുന്നവരുടെ പേരും ആധാര്‍ നമ്പരും തിരിച്ചറിയല്‍ കാര്‍ഡ് നമ്പരും ഫോണ്‍ നമ്പരും നിര്‍ദ്ദിഷ്ഠ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യാനും നിര്‍ദ്ദേശമുണ്ടായിരുന്നു. ഇതിനായി ഒരോ വാര്‍ഡിനും സൈറ്റ് അഡ്രസും പാസ്വേര്‍ഡും നല്‍കി. അംഗത്വ വിതരണത്തിന് ശേഷം കോഴിക്കോട്ടുള്ള ഐ ടി കോര്‍ഡിനേറ്റര്‍മാര്‍ അപ്ലോഡ് ചെയ്ത വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് ‘ഷാരൂഖ് ഖാനും മമ്മൂട്ടിയും ആസിഫ് അലിയും മിയ ഖലീഫയും’ ഒക്കെ ലീഗില്‍ അംഗത്വം നേടിയത് കണ്ടെത്തുന്നത്. ഓണ്‍ലൈന്‍ അപ്ലോഡിംഗ് പോലുള്ള കാര്യങ്ങള്‍ കമ്പ്യൂട്ടര്‍ സെന്ററുകളില്‍ ഏല്‍പ്പിച്ച കമ്മിറ്റികളുടെ ഭാഗത്ത് നിന്ന് സംഭവിച്ചതായിരിക്കും ഈ പിഴവെന്നാണ് ലീഗ് നേതൃത്വം വിശദീകരിക്കുന്നത്.

ഡിസംബര്‍ 31 അവസാനിച്ച ലീഗ് അംഗത്വ വിതരണത്തില്‍, മുസ്ലീം ലീഗില്‍ തിരുവനന്തപുരത്ത് 59,551 പേര്‍ അംഗമായി. സംസ്ഥാനത്ത് ലീഗിന്റെ അംഗ സംഖ്യ 24.33 ലക്ഷമെന്നാണ് പുതിയ കണക്ക്. 2016നേക്കാള്‍ 2.33 ലക്ഷം അംഗങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. അംഗങ്ങളില്‍ പകുതിയില്‍ ഏറെയും സ്ത്രീകളാണെന്ന് നേരത്തെ വാര്‍ത്ത വന്നിരുന്നു.