തിരുവനന്തപുരം: 2022 ഒക്ടോബർ മാസം മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും സംസ്ഥാനത്തെ മന്ത്രിമാരും നടത്തിയ യൂറോപ്യൻ പര്യടനത്തിന്റെ ഭാഗമായി നോർവേയിൽ തങ്ങിയപ്പോൾ ചെലവഴിച്ച രൂപയുടെ കണക്കുകൾ പുറത്ത്. നോർവേയിലെ ഇന്ത്യൻ എംബസിയിൽ നിന്ന് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോഴാണ് മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും ചെലവ് സംബന്ധിച്ച കണക്ക് പുറത്തുവന്നത്. 46,93,900 രൂപയാണ് നോർവേയിൽ തങ്ങുന്നതിനായി ചെലവഴിച്ചതെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. കൊച്ചി സ്വദേശിയായ എസ് ധനരാജ് ആണ് വിവരാവകാശ നിയമപ്രകാരം ഈ കണക്ക് ശേഖരിച്ചത്.
വിദ്യാഭ്യാസ മേഖലയിലെ പഠനങ്ങൾക്കും ടൂറിസം വികസനത്തിനും സംസ്ഥാനത്തേക്ക് നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും വേണ്ടിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നത സംഘവും യൂറോപ്യൻ പര്യടനം നടത്തിയത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ മന്ത്രിമാർ യൂറോപ്യൻ സന്ദർശനം നടത്തിയത് വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. നോർവേ, ബ്രിട്ടൻ, ഫിൻലാൻഡ് തുടങ്ങിയ രാജ്യങ്ങളിലായിരുന്നു സന്ദർശനം.
വ്യവസായ മന്ത്രി പി രാജീവ്, കായിക മന്ത്രി വി അബ്ദുറഹ്മാൻ, പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ ഡോക്ടർ വി കെ രാമചന്ദ്രൻ, ചീഫ് സെക്രട്ടറി വി പി ജോയ്, പ്രിൻസിപ്പൽ സെക്രട്ടറി കെ എസ് ശ്രീനിവാസ്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില, വേണു രാജാമണി, വി എം സുനീഷ് തുടങ്ങിയവരാണ് മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നത്.

