2024 അവസാനത്തോടെ അമേരിക്കയിലെ റോഡുകളെക്കാൾ മികച്ച റോഡുകൾ ഇന്ത്യയിൽ ഒരുക്കും; നിതിൻ ഗഡ്കരി

ന്യൂഡൽഹി: 2024 അവസാനത്തോടെ അമേരിക്കയിലെ റോഡുകളെക്കാൾ മികച്ച റോഡുകൾ ഇന്ത്യയിൽ ഒരുക്കുമെന്ന് ഉറപ്പു നൽകി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ കാലാവധി 2024 അവസാനത്തോടെയാണ് പൂർത്തിയാകുന്നത്. ഇതിന് മുമ്പുതന്നെ ഇന്ത്യയിലെ റോഡ് സൗകര്യങ്ങൾ അമേരിക്കയിലേതിനെക്കാൾ മികച്ചതാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഗോവ സുവാരി നദിയിലെ പാലത്തിന്റെ ഒന്നാം ഘട്ട ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

13.2 കിലോമീറ്റർ ദൈർഘ്യത്തിൽ എട്ട് വരിയായാണ് സുവാരി പാലം നിർമിക്കുന്നത്. 2530 കോടി രൂപയാണ് ഇതിന്റെ ചെലവ്. ഇന്ത്യയിലെ ഏറ്റവും വലിയ കേബിൾ സ്റ്റേ ബ്രിഡ്ജാണ് ഇത് ഒരുക്കിയിരിക്കുന്നത്. 2022 ഒക്ടോബർ മാസം ലക്നൗവിൽ നടന്ന ഇന്ത്യൻ റോഡ് കോൺഗ്രസിന്റെ 81-ാം സെഷനിലും മന്ത്രി നിതിൻ ഗഡ്കരി സമാനമായ രീതിയിൽ ഒരു പ്രഖ്യാപനം നടത്തിയിരുന്നു. അമേരിക്ക സമ്പന്നമായത് കൊണ്ടല്ല അമേരിക്കൽ റോഡുകൾ മികച്ചതായിരിക്കുന്നത്, മറിച്ച് റോഡുകൾ മികച്ചതായതിനാലാണ് അമേരിക്ക സമ്പന്നമാകുന്നത് എന്ന മുൻ അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന ജോൺ എഫ്. കെന്നഡിയുടെ വാക്കുകൾ ഉദ്ധരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.

സംസ്ഥാനത്തെ റോഡുകൾ അമേരിക്കയിലേതിന് സമാനമാക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രിക്കാണ് കേന്ദ്രമന്ത്രി നേരത്തെ ഉറപ്പ് നൽകിയിരുന്നത്. 2024-നുള്ളിൽ അഞ്ച് ലക്ഷം കോടി രൂപയുടെ നിക്ഷേപം റോഡ് വികസനത്തിനായി ഉത്തർപ്രദേശിൽ കേന്ദ്ര സർക്കാർ നടത്തുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു.