നോട്ട് നിരോധനം കൊണ്ട് ഒരു ഫലവും ഉണ്ടായില്ല; സുപ്രീംകോടതി വിധി ഒരു അക്കാദമിക് എക്സര്‍സൈസ് മാത്രമെന്ന് കെ.എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: നോട്ട് നിരോധനം ശരിവെച്ചതില്‍ സുപ്രീം കോടതി നോക്കിയത് ഭരണപരമായ നടപടി ക്രമങ്ങള്‍ മാത്രമാണെന്നും മുന്നൊരുക്കങ്ങള്‍ ഉണ്ടായിട്ടില്ല എന്നത് കോടതി പരിശോധിച്ചിട്ടില്ലെന്നും ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍ പറഞ്ഞു. ‘വലിയ ആഘാതം ഉണ്ടായി എന്നാണ് എല്ലാ പഠനങ്ങളും കാണിച്ചത്. നോട്ട് നിരോധനം കൊണ്ട് ഒരു ഫലവും ഉണ്ടായില്ല. വിധി ഒരു അക്കാദമിക് എക്സര്‍സൈസ് മാത്രമാണ്. നോട്ട് നിരോധനം നടപ്പാക്കിയത് സംബന്ധിച്ച നടപടി ക്രമങ്ങളില്‍ കോടതിക്കും ഭിന്ന അഭിപ്രായം ഉണ്ട് എന്നാണ് മനസ്സിലാകുന്നത്. സാമ്ബത്തികമായി നോട്ട് നിരോധനം രാജ്യത്തെ തകര്‍ത്തു .ഇനി അത്തരം നടപടികള്‍ ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കുന്നു’-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, അക്കാദമിക് താല്‍പര്യത്തിനപ്പുറം വിഷയത്തില്‍ കോടതിക്ക് യാതൊരു ഇടപെടലും നടത്താനാവില്ലെന്ന് കേന്ദ്രം വാദിച്ചു. ഉടച്ച് കലക്കിയ മുട്ട പഴയ രൂപത്തിലാക്കാന്‍ കഴിയുമോയെന്ന ചോദ്യം പോലും കേന്ദ്രം ഉന്നയിച്ചു. സാമ്ബത്തിക രംഗത്തെ ശക്തമാക്കിയ നടപടി, ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ചു തുടങ്ങിയ വാദങ്ങളും കേന്ദ്രം കോടതിയില്‍ ഉന്നയിച്ചു. എന്നാല്‍, കള്ളപ്പണ വിനിമയം തടയാനായെന്ന കേന്ദ്രത്തിന്റെ അവകാശ വാദത്തെ ഹര്‍ജിക്കാര്‍ കണക്കുകള്‍ നിരത്തിയാണ് കോടതിയില്‍ നേരിട്ടത്.

2016ല്‍ 5.82 കോടിയുടെ കള്ളപ്പണമണവും, കഴിഞ്ഞ സാമ്ബത്തിക വര്‍ഷം 20.39 കോടിയുടെ കള്ളപ്പണവും പിടികൂടിയെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. നിരോധിച്ചതില്‍ 99.3 ശതമാനം നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന കണക്കും സര്‍ക്കാരിന്റെ നിലപാട് ചോദ്യം ചെയ്യുന്നതായി.