കണ്ണൂർ: നോട്ട് നിരോധനത്തെക്കുറിച്ചുള്ള സുപ്രീം കോടതി വിധിയോട് പ്രതികരിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്ക്. നോട്ട് നിരോധനം ശരിവെച്ച സുപ്രീം കോടതി വിധിയും പൊക്കിപ്പിടിച്ച് പ്രതിപക്ഷം മാപ്പ് പറയണമെന്ന് പറയുന്ന ബിജെപിയുടെ തൊലിക്കട്ടി അപാരമാണെന്ന് അദ്ദേഹം വ്യക്തമാക്കി. നോട്ട് റദ്ദാക്കലിലൂടെ എന്ത് നേടിയെന്ന് അദ്ദേഹം ചോദിച്ചു.
സാമ്പത്തിക വളർച്ച താഴേക്ക് പോയി. 15 ലക്ഷം കോടി വരുമാനം ഇല്ലാതായി. 52 ദിവസം സമയം നൽകിയെന്ന സുപ്രീം കോടതിയുടെ നിരീക്ഷണം അസംബന്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നരേന്ദ്ര മോദിയെ ജനകീയ കോടതിയിൽ വിചാരണ ചെയ്യണം. മറിച്ചൊരു വിധി പ്രതീക്ഷിക്കാൻ മാത്രം ആരും നിഷ്കളങ്കരല്ല. സുപ്രീം കോടതി നോക്കിയത് ഭരണപരമായ നടപടി ക്രമങ്ങൾ മാത്രമാണ്. മുന്നൊരുക്കങ്ങൾ ഉണ്ടായിട്ടില്ല എന്നത് കോടതി പരിശോധിച്ചിട്ടില്ല .വലിയ ആഘാതം ഉണ്ടായി എന്നാണ് എല്ലാ പഠനങ്ങളും കാണിച്ചത്. നോട്ട് നിരോധനം കൊണ്ട് ഒരു ഫലവും ഉണ്ടായില്ലെന്നും തോമസ് ഐസക്ക് അഭിപ്രായപ്പെട്ടു.
വിധി ഒരു അക്കാദമിക് എക്സർസൈസ് മാത്രമാണ്. നോട്ട് നിരോധനം നടപ്പാക്കിയത് സംബന്ധിച്ച നടപടി ക്രമങ്ങളിൽ കോടതിക്കും ഭിന്ന അഭിപ്രായം ഉണ്ട് എന്നാണ് മനസ്സിലാകുന്നത്. നോട്ട് നിരോധനം രാജ്യത്തെ സാമ്പത്തികമായി തകർത്തു. ഇനി അത്തരം നടപടികൾ ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

