ന്യൂഡല്‍ഹി: നോട്ട് നിരോധനത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ 2016-ലെ നടപടി ശരിവെച്ച് സുപ്രീം കോടതി. കേന്ദ്ര നടപടിയില്‍ എന്തെങ്കിലും തെറ്റുണ്ടെന്ന് പറയാനാവില്ലെന്ന് ജസ്റ്റിസ് ബി.ആര്‍. ഗവായ് വ്യക്തമാക്കി. അഞ്ചംഗ ബെഞ്ചിലെ മറ്റു മൂന്ന് ജഡ്ജിമാരും ഗവായിയുടെ നിലപാടിനോട് യോജിച്ചപ്പോള്‍ ഭിന്നവിധിയാണ് ബെഞ്ചിലെ മറ്റൊരു ജഡ്ജിയായ ബി.വി. നാഗരത്‌നയുടേത്.
‘സര്‍ക്കാര്‍ വേണ്ടത്ര കൂടിയാലോചനകള്‍ നടത്തിയെന്നാണ് വ്യക്തമാകുന്നത്. സാമ്പത്തിക വിഷയങ്ങളില്‍ സര്‍ക്കാരിന് തന്നെയാണ് പരമാധികാരം. നോട്ട് നിരോധനത്തിലൂടെ സര്‍ക്കാര്‍ എന്താണോ ലക്ഷ്യമിട്ടത് അത് നേടാനായോ എന്നത് ഇപ്പോള്‍ പ്രസക്തമല്ല. നോട്ട് നിരോധനം റദ്ദാക്കാനാവില്ലെന്ന സര്‍ക്കാരിന്റെ നിലപാട് കോടതി അംഗീകരിച്ചു’- ജസ്റ്റിസ് ഗവായി വ്യക്തമാക്കി. എന്നാല്‍, നോട്ട് അസാധുവാക്കല്‍ നടപടിക്ക് തുടക്കം കുറിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയില്ലെന്ന് നാഗരത്‌ന ചൂണ്ടിക്കാട്ടി. ഇത്തരമൊരു നടപടി സ്വീകരിക്കാന്‍ അധികാരം റിസര്‍വ് ബാങ്കിനാണെന്നും നാഗരത്‌നയുടെ വിധിയില്‍ പറയുന്നു.
അതേസമയം, നോട്ട് നിരോധന നടപടിയെ ചോദ്യം ചെയ്ത് 58 ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലെത്തിയത്. നോട്ട് നിരോധിക്കാനുള്ള തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ജസ്റ്റിസ് എസ്. അബ്ദുള്‍ നസീര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് നടപടിക്രമങ്ങളും നിയമസാധുതയും പരിശോധിച്ചത്. എന്നാല്‍, വളരെ സൂക്ഷമതയോടെ ആലോചിച്ചെടുത്ത തീരുമാനമാണ് നോട്ട് നിരോധനമെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ അവകാശപ്പെട്ടത്.

