പുതുവർഷാഘോഷം; തിക്കിലും തിരക്കിലും പെട്ട് ശാരീരികാസ്ഥത അനുഭവപ്പെട്ട ഇരുന്നൂറിലധികം പേർ ആശുപത്രിയിൽ ചികിത്സ തേടി

കൊച്ചി: പുതുവർഷാഘോഷത്തിനിടെ കൊച്ചിയിൽ തിക്കിലും തിരക്കിലും പെട്ട് ശാരീരികാസ്ഥത അനുഭവപ്പെട്ട ഇരുന്നൂറിലധികം പേർ ആശുപത്രിയിൽ ചികിത്സ തേടി. പുതുവത്സര ആഘോഷങ്ങൾക്കായി വിവിധ സ്ഥലങ്ങളിൽ നിന്നായി അഞ്ച് ലക്ഷത്തോളം പേർ കൊച്ചിയിൽ എത്തിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ആളുകൾ കൂട്ടമായി എത്തിയതോടെ പോലീസ് ഉദ്യോഗസ്ഥരടക്കമുള്ള നിരവധിയാളുകൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കൊച്ചിൻ കാർണിവലിൽ പാപ്പാഞ്ഞിയെ കത്തിച്ച ശേഷം പിരിഞ്ഞ് പോയ ആളുകളാണ് കൂടുതലായും തിക്കിലും തിരക്കിലും അകപ്പെട്ടത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ ഇക്കൂട്ടത്തിലുണ്ടായിരുന്നു.

തിരക്ക് വർധിച്ചതോടെയാണ് ഇവരിൽ പലർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതും തളർന്ന് വീണതും. ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥരിൽ ചിലർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടുവെന്നാണ് വിവരം.