തിരുവനന്തപുരം: തലസ്ഥാനത്ത് ഒരു പോലീസ് ജീപ്പിന് രണ്ട് ദിവസത്തേക്കുള്ള ഇന്ധനം 10 ലിറ്ററാക്കി പരിമിതപ്പെടുത്തി. പൊലീസ് ഇന്ധന കമ്പനിക്ക് ഒരു കോടി കുടിശ്ശിക നല്‍കാനുള്ളതിനാല്‍ സഹായം തേടി ധനവകുപ്പിന് ഡിജിപി കത്ത് നല്‍കിയിട്ടുണ്ട്. ഇന്ധന ക്ഷാമം കാരണം പലയിടത്തും പട്രോളിംഗ് മുടങ്ങുമോയെന്ന ആശങ്കയുമുണ്ട്.
അതേസമയം, സംസ്ഥാനത്ത് ഒരു കോടിയോളം രൂപ ചെലവഴിച്ച് വാങ്ങിയ ബോഡി വോണ്‍ ക്യാമറകളാണ് പല യൂണിറ്റുകളിലായി ഉപയോഗ ശൂന്യമായി കിടക്കുന്നത്. ഉപയോഗിക്കുമ്പോള്‍ ചൂടാകുന്നുവെന്നായിരുന്നു പരാതി. ക്യാമറകള്‍ മാറ്റിവാങ്ങാതെ സ്റ്റോറില്‍ കൂട്ടിയിട്ടു. കരാര്‍ മാനദണ്ഡങ്ങള്‍ പോലും പാലിച്ചില്ലെന്ന് ആക്ഷേപം.
എന്നാല്‍, ഒരു കോടി രൂപ ചെലവിട്ട് വാങ്ങിയ ബോഡി ക്യാമറകള്‍ പൊലീസ് ഉപേക്ഷിച്ചിരിക്കെയാണ് 89 ലക്ഷം മുടക്കി യൂണിഫോമില്‍ ഘടിപ്പിക്കുന്ന 356 ക്യാമറകള്‍ വാങ്ങാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഒരുങ്ങുന്നത്. വകുപ്പിലെ സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് ബോഡി ക്യാമറകള്‍ വാങ്ങുന്നതെന്നാണ് വിശദീകരണം.

