തിരുവനന്തപുരം: സംസ്ഥാനത്ത് പുതുവത്സര ദിനത്തിൽ റെക്കോർഡ് മദ്യവിൽപ്പന. കഴിഞ്ഞ ദിവസം മാത്രം 107.14 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റഴിച്ചത്. വിറ്റുവരവിൽ 600 കോടി രൂപയാണ് നികുതിയിനത്തിൽ സർക്കാരിന് ലഭിക്കുക. 95.67 കോടിയുടെ മദ്യമാണ് 2022 ലെ പുതുവത്സര ദിനത്തിൽ സംസ്ഥാനത്ത് വിൽപ്പന നടത്തിയത്.
തിരുവനന്തപുരം പവർ ഹൗസ് റോഡിലെ ഔട്ട്‌ലെറ്റിലായിരുന്നു ഇത്തവണ ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്. 1.12 കോടിയുടെ മദ്യമാണ് ഇവിടെ വിറ്റഴിച്ചത്. പുതുവർഷത്തലേന്ന് കൊല്ലം ആശ്രമം ഔട്ട്‌ലെറ്റിൽ 96.59 ലക്ഷം രൂപയുടെ മദ്യം വിറ്റുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഏറ്റവും കുറവ് മദ്യ വിൽപ്പന നടന്നിട്ടുള്ളത് കാസർകോഡ് ബട്ടത്തൂരിലാണ്. 10.36 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ നിന്നും വിൽപ്പന നടത്തിയത്.
സംസ്ഥാനത്ത് പുതുവർഷത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ചത് റമ്മാണ്. സംസ്ഥാനത്തെ എല്ലാ ഔട്ട്‌ലെറ്റുകളിലും പത്ത് ലക്ഷം രൂപയ്ക്ക് മുകളിൽ മദ്യം കഴിഞ്ഞ ദിവസം വിൽപ്പന നടത്തി. ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ കഴിഞ്ഞ പത്തു ദിവസത്തിനിടെ 686.28 കോടിയുടെ മദ്യമാണ് കേരളത്തിൽ വിറ്റഴിച്ചത്. 649.32 കോടിയായിരുന്നു കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ മദ്യവിൽപ്പന.

