ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടാകാൻ സാധ്യത; ജനുവരി 8 വരെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് പൂര്‍ത്തിയായി

പത്തനംതിട്ട: ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടാകാൻ സാധ്യത. വെർച്ചൽ ക്യൂ, സ്‌പോട്ട് ബുക്കിങ്ങുകൾക്ക് വൻ തിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. മകരവിളക്ക് വരെ എല്ലാദിവസവും ഒരു ലക്ഷത്തോളം പേർ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജനുവരി ഒന്നു മുതൽ എട്ട് വരെയുള്ള വെർച്ചൽ ക്യൂ ബുക്കിങ്ങും നൂറ് ശതമാനം പൂർത്തിയായി.

അതേസമയം, മകരവിളക്ക് ദിനമായ 14നും മകരവിളക്കിന്റെ തലേദിവസമായ 13 നും ദർശനം നടത്താൻ ബുക്ക് ചെയ്തവരുടെ എണ്ണം തൊണ്ണൂറായിരത്തിന് അടുത്തെത്തിയിട്ടുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. എന്നാൽ, നിലവിലെ കണക്ക് പ്രകാരം മകരവിളക്കിന് ശേഷമുള്ള മൂന്ന് ദിവസം ബുക്കിങ്ങ് കുറവാണ്.

പരമാവധി തൊണ്ണൂറായിരം പേർക്കാണ് ഒരു ദിവസം വെർച്ചൽ ക്യൂവിലൂടെ ദർശനം നടത്താനാകുക. സ്‌പോട്ട് ബുക്കിങ്ങിലൂടെ പതിനായിരത്തോളം പേരും ദർശനത്തിന് എത്തുന്നുണ്ട്. 1500 മുതൽ 2000 പേർ വരെയാണ് പുൽമേട് വഴി ശരാശരി ഒരു ദിവസം ദർശനത്തിന് വരുന്നത്. വൈകിട്ട് 4 മണി വരെയാണ് പുൽമേട്ടിലേക്ക് ഭക്തരെ പ്രവേശിപ്പിക്കുന്നത്.

വെള്ളിയാഴ്ച്ച നാൽപ്പത്താറായിരം പേരും ശനിയാഴ്ച വൈകീട്ട് 6 മണിവരെ 65922 പേരും ദർശനം നടത്തിയെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ജനുവരി ഒന്ന് മുതൽ 19 വരെ 12,42,304 പേരാണ് വെർച്ചൽ ക്യൂ വഴി ബുക്ക് ചെയ്തത്. 4,67,696 സ്‌പോട്ടാണ് ഇനി ബാക്കിയുള്ളത്.