രക്ഷിതാക്കൾക്ക് തങ്ങളുടെ കുട്ടികളുടെ സ്‌കൂൾ ബസുകൾ ട്രാക്ക് ചെയ്യാം; ആപ്ലിക്കേഷനുമായി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: രക്ഷിതാക്കൾക്ക് തങ്ങളുടെ കുട്ടികളുടെ സ്‌കൂൾ ബസുകൾ ട്രാക്ക് ചെയ്യുന്നതിനായി മൊബൈൽ ആപ്പുമായി മോട്ടോർ വാഹന വകുപ്പ്. വിദ്യ വാഹൻ മൊബൈൽ ആപ്പാണ് മോട്ടോർ വാഹൻ വകുപ്പ് ഇതിനായി അവതരിപ്പിച്ചിട്ടുള്ളത്. സ്‌കൂൾ ബസിന്റെ തത്സമയ ലൊക്കേഷൻ, വേഗത, മറ്റ് അലർട്ടുകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ഈ ആപ്പിലൂടെ രക്ഷിതാക്കൾക്ക് ലഭ്യമാകും.

അടിയന്തര സാഹചര്യങ്ങളിൽ രക്ഷിതാക്കൾക്ക് ആപ്പിൽ നിന്ന് ഡ്രൈവറെയോ സഹായിയെയോ നേരിട്ട് വിളിക്കാനുള്ള സൗകര്യവും ഈ ആപ്ലിക്കേഷനിലുണ്ട്. കേരള മോട്ടോർ വാഹനവകുപ്പിന്റെ നിലവിലുള്ള സുരക്ഷാ മിത്ര പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയുള്ളതാണ് ആപ്പ്. സൗജന്യമായി ആപ്പ് ഡൗൺലോഡ് ചെയ്യാനാകും.

ആപ്പ് ഉപയോഗിക്കാൻ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യണം. ഇതിനായി രക്ഷിതാക്കൾ സ്‌കൂൾ അധികൃതരുമായി ബന്ധപ്പെടണം. ആപ്പ് ഉപയോഗിക്കുന്നത് സംബന്ധിച്ചുള്ള സംശയങ്ങൾക്ക് 18005997099 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം.