രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) ആസ്ഥാനം തകർക്കുമെന്ന് ഭീഷണി; സുരക്ഷ ശക്തമാക്കി പോലീസ്

മുംബൈ: രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) ആസ്ഥാനം തകർക്കുമെന്ന് ഭീഷണി. മഹാരാഷ്ട്രയിലെ നാഗ്പൂരിലുള്ള ആർഎസ്എസ് ആസ്ഥാനം തകർക്കുമെന്നാണ് അജ്ഞാത ഭീഷണി സന്ദേശം ലഭിച്ചത്. മേഖലയിൽ സുരക്ഷ ശക്തമാക്കിയതായി പോലീസ് അറിയിച്ചു. ആർഎസ്എസ് ആസ്ഥാനത്തിന് സമീപം താമസിക്കുന്നവരുടെ നീക്കങ്ങളും സുരക്ഷാ സേന നിരീക്ഷിക്കുന്നുണ്ട്.

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പോലീസ് കൺട്രോൾ റൂമിലേക്ക് അജ്ഞാത ഫോൺ സന്ദേശം ലഭിച്ചത്. ആർഎസ്എസ് ആസ്ഥാനത്ത് സ്‌ഫോടനം നടത്തുമെന്നായിരുന്നു ഭീഷണി. ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്‌ക്വാഡും (ബിഡിഡിഎസ്) ഡോഗ് സ്‌ക്വാഡും പരിസരം വിശദമായി പരിശോധിച്ചു.

എന്നാൽ, സംശയാസ്പദമായ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഡിസിപി സോൺ III ഗോരഖ് ഭാമ്രെ അറിയിച്ചു. മുൻകരുതൽ നടപടിയെന്ന നിലയിൽ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ടെന്നും വിളിച്ചയാളെ തിരിച്ചറിയാൻ പൊലീസ് ഫോൺ നമ്പർ ട്രാക്ക് ചെയ്യുന്നുണ്ടെന്നും ഡിസിപി അറിയിച്ചു.