ഗൂഗിളിന് പകരക്കാരനാവാന്‍ ചാറ്റ്ജിപിറ്റി

ഗൂഗിളിന് പകരക്കാരന്‍ എത്തുമെന്ന വാര്‍ത്തയാണ് ഇന്ന് ടെക് ലോകം മുഴുവനും ചര്‍ച്ച ചെയ്യുന്നത്. ഓപ്പണ്‍ എഐ കമ്ബനി അവതരിപ്പിച്ച ചാറ്റ്ജിപിറ്റി എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്‌ബോട്ടാണ് ഇപ്പോള്‍ ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. ഗൂഗിളില്‍ സാധ്യമല്ലാത്ത രീതിയില്‍ സേര്‍ച്ച് റിസള്‍ട്ട് വികസിപ്പിച്ചെടുത്തതിനാലാണ് കുറഞ്ഞ കാലയളവ് കൊണ്ട് ചാറ്റ്ജിപിറ്റി വാര്‍ത്തകളില്‍ ഇടം നേടിയത്. ഇവയുടെ കൂടുതല്‍ വിവരങ്ങള്‍ പരിചയപ്പെടാം.

ചാറ്റ്ജിപിറ്റിക്ക് മനുഷ്യ ഭാഷ അനായാസം കൈകാര്യം ചെയ്യാന്‍ കഴിയുന്നത് സാങ്കേതികവിദ്യാ രംഗത്തെ ഏറ്റവും വലിയ കുതിച്ചുചാട്ടമാണ്. ഏതു വിഷയത്തെക്കുറിച്ചാണോ സംഭാഷണം, അതിനനുസരിച്ച് ഉചിതമായ രീതിയിലും യുക്തിയോടെയും സംസാരിക്കാന്‍ ചാറ്റ്ജിപിറ്റിക്ക് സാധ്യമാണ്. വെബ്‌സൈറ്റിന് കോഡുകള്‍ എഴുതാനും, വിവിധ സന്ദേശങ്ങള്‍ എഴുതാനും ചാറ്റ്ജിപിറ്റി സഹായിക്കുന്നതാണ്. ഉപയോക്താവുമായി ഇടപെടല്‍ നടത്താന്‍ കഴിവുള്ളതിനാല്‍, വളരെ പെട്ടെന്ന് തന്നെ ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കും.

ചാറ്റ്ജിപിറ്റിക്ക് ഒട്ടനവധി നല്ല വശങ്ങള്‍ ഉണ്ടെങ്കിലും, ചിലര്‍ അവ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. വീട്ടിലിരുന്ന് എങ്ങനെയാണ് എളുപ്പത്തില്‍ സ്‌ഫോടക വസ്തു ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുക എന്ന ചോദ്യമൊക്കെ ചിലര്‍ ചോദിക്കാന്‍ സാധ്യതയുണ്ടെന്നും, ഇത് വലിയ തരത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.