ലഹരി വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിച്ചതിന് ഒമര്‍ ലുലു സംവിധാനം ചെയ്ത ‘നല്ല സമയം’ സിനിമയ്‌ക്കെതിരെ കേസ്. അടുത്തിടെയിറങ്ങിയ സിനിമയുടെ ടീസറില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം ഉള്‍പ്പെടുത്തിയതാണ് സംവിധായകന്‍ , നിര്‍മ്മാതാവ് എന്നിവര്‍ക്കെതിരെ കേസ് എടുക്കാന്‍ എക്‌സൈസ് വകുപ്പിനെ പ്രേരിപ്പിച്ചത്. അബ്കാരി, NDPS നിയമപ്രകാരം എക്‌സൈസ് കോഴിക്കോട് റേഞ്ചാണ് കേസ് എടുത്തിരിക്കുന്നത്.
വെള്ളിയാഴ്ചയാണ് ഒമര്‍ ലുലു സംവിധാനത്തിലൊരുങ്ങിയ ‘നല്ല സമയം’ തിയേറ്ററുകളിലെത്തിയത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിന്റെ ടീസറില്‍ മാരക ലഹരിമരുന്നായ എംഡിഎംഎ ഉപയോഗത്തിന്റെ രംഗങ്ങളാണുള്ളത്. ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങളും ഇതോടൊപ്പം ചേര്‍ത്തിരുന്നു. ഇതാണ് പരാതിയിലേക്കും ഒമര്‍ ലുലുവിനും നിര്‍മാതാവിനുമെതിരെയുള്ള നടപടിയിലേക്കും നയിച്ചത്.
ഹാപ്പി വെഡ്ഡിങ്, ചങ്ക്‌സ്, ഒരു അഡാറ് ലൗ, ധമാക്ക എന്നീ സിനിമകള്‍ക്കു ശേഷം ഒമര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നല്ല സമയം’. നടന്‍ ഇര്‍ഷാദാണ് ചിത്രത്തിലെ നായകന്‍. നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍, സുവൈബത്തുല്‍ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങളാണ് നായികമാര്‍.

