ഏഴു കൊല്ലം കൊണ്ട് സ്‌കൂളുകളിൽ നടന്നത് 3,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ; വി ശിവൻകുട്ടി

തിരുവനന്തപുരം: 3,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ഏഴു കൊല്ലം കൊണ്ട് സ്‌കൂളുകളിൽ നടന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പിണങ്ങോട് ഗവ. യു.പി സ്‌കൂളിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പൊതു വിദ്യാലയങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇത്രത്തോളം തുക ചെലവഴിച്ചുള്ള വികസന പ്രവർത്തനങ്ങൾ നടന്നത്.

പൊതു വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കിയത് കിഎഫ്ബി, ആസൂത്രണ ഫണ്ടുകൾ എന്നിവ ഉപയോഗിച്ചാണ്. സമാനതകളില്ലാത്ത പ്രവർത്തനമാണിത്. ഒരു പൊതുവിദ്യാലയവും സംസ്ഥാനത്ത് അടച്ചുപൂട്ടരുത്. ഇത് മുന്നിൽ കണ്ടാണ് പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കാൻ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കൊണ്ടുവന്നത്. പത്തര ലക്ഷത്തോളം പുതിയ കുട്ടികൾ പൊതുവിദ്യാഭ്യാസ മേഖലയിലേക്കെത്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടർച്ചയായ വിദ്യാകിരണം മിഷനും സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കാണ് ഊന്നൽ നൽകുന്നത്. അക്കാദമികമായി സ്‌കൂളുകളെ കൂടുതൽ ഉന്നതിയിലേക്ക് നയിക്കാനുള്ള പ്രവർത്തനങ്ങളും വിദ്യാകിരണം മിഷന്റെ ഭാഗമാണെന്നും വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.